ഫൈനടച്ച് ക്ഷീണിച്ചോ ? വൈദ്യുതി ബോര്‍ഡിനെയും മോട്ടോര്‍വാഹന വകുപ്പിനെയും ട്രോളി മില്‍മ

കണ്ണൂർ: റോഡിലും ക്യാമറയിലും ഓഫീസിലും പിഴയിട്ട് പൊരുതുന്ന വൈദ്യുതി-മോട്ടാർ വാഹനവകുപ്പുകളെ ട്രോളി മിൽമ. ഫൈൻ അടച്ച് ക്ഷീണമായെങ്കിൽ ഇനിയൽപ്പം മിൽമ ജ്യൂയി ആവാമെന്നാണ് ട്രോൾ. കെ.എസ്.ഇ.ബി, എം.വി.ഡി. ലോഗോയും സ്കോർബോർഡും അതിനടിയിൽ മിൽമയുടെ ഉത്പന്നമായ ജ്യൂയിയുടെ ചിത്രവുമുണ്ട്.
നിയമവും നിയന്ത്രണവും ഏവർക്കും ബാധകമാകുന്ന ഈ മത്സരത്തിൽ പങ്കെടുക്കുന്നവർക്കും കാഴ്ചക്കാർക്കും ക്ഷീണമായെങ്കിൽ ഒരൽപ്പം മിൽമ ജ്യൂയി; ആവാം എന്ന അടിക്കുറിപ്പോടെയാണ് മലബാർ മിൽമയുടെ ഫെയ്‌സ് ബുക്ക് പേജിൽ ട്രോൾ പോസ്റ്റ് ഉള്ളത്.
അഞ്ചുദിവസമായി വൈദ്യുതിയില്ല.
ഫ്യൂസ് ഊരിയതിന്റെ വലിയ പ്രശ്നത്തിലാണ് മട്ടന്നൂർ എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ. ഓഫീസ്. അഞ്ചുദിവസമായി ഇവിടെ വൈദ്യുതിയില്ല. ഓഫീസിൽ ഒരു പ്രവൃത്തിയും നടക്കുന്നില്ല. ഓഫീസിലെ മൂന്ന് വാഹനങ്ങൾ കട്ടപ്പുറത്താണ്.
എ.ഐ. ക്യാമറ കൈകാര്യം ചെയ്യുന്ന ഓഫീസാണിത്. ഇനിയും ബിൽ അടച്ചിട്ടില്ല. കംപ്യൂട്ടർ സംബന്ധമായ ഒരു പ്രവൃത്തിയും നടക്കുന്നില്ലെന്ന് കണ്ണൂർ എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ. എ.സി.ഷീബ പറഞ്ഞു. 57,000 രൂപ വിവിധ മാസങ്ങളിലായി വൈദ്യുതിബില്ലായി അടയ്ക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കെ.എസ്.ഇ.ബി. ശനിയാഴ്ച ഫ്യൂസ് ഊരിയത്.