അഴീക്കോടും തലശ്ശേരിയിലും ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

Share our post

കണ്ണൂർ : കനത്ത മഴയിൽ വെള്ളം കയറിയതിനെ തുടർന്ന് അഴീക്കോട് മണ്ഡലത്തിൽ മൂന്നിടത്തും തലശ്ശേരി മണ്ഡലത്തിൽ ഒരിടത്തും ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു. അഴീക്കോട് പാലോട്ട് വയൽ ആർ.കെ യു.പി സ്‌കൂൾ, അഴീക്കോട് ഓലാടത്താഴെ ഹിദായത്ത് സ്വിബിയാൻ ഹയർ സെക്കൻഡറി മദ്രസ, ചിറക്കൽ രാജാസ് യു.പി സ്‌കൂൾ, തലശ്ശേരി മുബാറക്ക് ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ ആരംഭിച്ചത്. അഴീക്കോട് വെള്ളം കയറിയ പ്രദേശങ്ങളിലെ 125 ഓളം പേരെ നിലവിൽ മാറ്റി പാർപ്പിച്ചു. വ്യാഴാഴ്ച രാവിലെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് സാഹസികമായായാണ് രക്ഷാപ്രവർത്തനം നടത്തിയത്. ക്യാമ്പുകൾ കെ.വി. സുമേഷ് എം.എൽ.എ സന്ദർശിച്ചു.

തലശ്ശേരി താലൂക്കിൽ തിരുവങ്ങാട്, കോടിയേരി എന്നീ വില്ലേജുകളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതിനാലാണ് ദുരിതബാധിതരെ മാറ്റി പാർപ്പിക്കാൻ മുബാറക് സ്‌കൂളിൽ ക്യാമ്പ് ആരംഭിച്ചത് നിലവിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മാത്രമാണ് ഇവിടെയുള്ളത്.

വെള്ളക്കെട്ടിനെ തുടർന്ന് മുഴപ്പിലങ്ങാട് നൂറിലേറെ പേരെ ബന്ധുവീടുകളിലേക്ക് മാറ്റി. എ.ഡി.എം കെ.കെ. ദിവാകരൻ സ്ഥലം സന്ദർശിച്ച് വെള്ളക്കെട്ട് ഒഴിവാക്കാൻ ദേശീയപാത അധികൃതർക്ക് നിർദേശം നൽകി. തുടർന്ന് ചാലുകീറി വെള്ളക്കെട്ട് ഒഴിവാക്കാനുള്ള പ്രവൃത്തി ആരംഭിച്ചു. കോടിയേരി വില്ലേജ് പരിധിയിലെ പെട്ടിപ്പാലം കോളനിയിൽ രൂക്ഷമായ കടൽക്ഷോഭമുണ്ടായി. വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് മകളുടെ വീട്ടിലേക്ക് മാറ്റി താമസിപ്പിക്കുന്നതിനിടെ കോടിയേരി ആച്ചുകുളങ്ങര നീലേശ് നിവാസിൽ പി പി ദിവാകരൻ കുഴഞ്ഞുവീണു മരിച്ചു.

പയ്യന്നൂർ താലൂക്കിലെ കണിയേരി കെ.പി. കൃഷ്ണന്റെ വീടിനു മുകളിൽ കവുങ്ങ് വീണ് 30,000 രൂപയുടെ നാശനഷ്ടമുണ്ടായി. താഴെചൊവ്വ പുളുക്ക് പാലത്തിന് സമീപം വെള്ളം കയറിയതോടെ 10 കുടുംബങ്ങളെ ബന്ധു വീടുകളിലേക്ക് മാറ്റി. പരിയാരം പൊയിൽ-കുറ്റ്യേരിക്കടവ് റോഡിന് സമീപം ഇബ്രാഹിം മൗലവിയുടെ വീടിന്റെ ചുറ്റുമതിൽ ഇടിഞ്ഞു വീണു. വെള്ളോറ വില്ലേജിലെ കുപ്പാടകത്ത് ജനാർദ്ദനനും കുടുംബവും താമസിക്കുന്ന വീടിനു മുകളിൽ മരം പൊട്ടിവീണ് വീടിന് ഭാഗികമായ നഷ്ടം സംഭവിച്ചു. വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് തിമിരി വില്ലേജ് കോട്ടക്കടവിൽ കപ്പുവളപ്പിൽ സദാനന്ദനെയും കുടുംബത്തെയും ബന്ധുവീട്ടിലേക്ക് മാറ്റി. തിമിരി വില്ലേജ് ഓഫീസ് താൽക്കാലികമായി പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്ക് വെള്ളം കയറിയതിനെ തുടർന്ന് ഇവിടെയുള്ള രേഖകൾ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. വെള്ളാട് വെട്ടിമാരുതിലെ കളപ്പുരക്കൽ കാന്തമണിയുടെ വീട് ചുഴലി കാറ്റിലും മഴയിലും പൂർണമായി തകർന്നു. വാരം കൊമ്പ്രപീടികക്ക് സമീപത്ത് വെള്ളം കയറി ചുറ്റുമതിൽ തകരുകയും വീടുകൾ തകർച്ച ഭീഷണി നേരിടുകയും ചെയ്യുന്നുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!