പ്ലസ് വണ്‍ ക്ലാസ് ആരംഭിച്ചു; സ്പോര്‍‌ട്സ് ക്വാട്ട പ്രവേശനം ഇന്നുമുതല്‍

Share our post

തിരുവനന്തപുരം : സംസ്ഥാനത്ത് ബുധനാഴ്ച പ്ലസ് വൺ ക്ലാസ് ആരംഭിച്ചു. ഇതുവരെ പ്രവേശനം നേടിയത് 3,16,772 വിദ്യാർഥികൾ. മുഖ്യഘട്ടത്തിലെ മൂന്ന് അലോട്ട്മെന്റ് ചൊവ്വാഴ്‌ച പൂർത്തിയായപ്പോൾ 99.07 ശതമാനത്തിനും പ്രവേശനം ലഭ്യമായെന്നാണ് കണക്ക്. നിലവിൽ 2799 സീറ്റാണ്‌ ഒഴിവുള്ളത്. മഴയെത്തുടർന്ന് അവധി പ്രഖ്യാപിച്ച ജില്ലകളിലും ദുരിതാശ്വാസ ക്യാമ്പ് പ്രവർ‍ത്തിക്കുന്ന സ്കൂളുകളിലും പ്രവേശനം നടന്നില്ല. കഴിഞ്ഞ വർഷം ആഗസ്‌ത്‌ 25നായിരുന്നു ക്ലാസ്‌ തുടങ്ങിയത്.

എട്ടുമുതൽ 12 വരെ സപ്ലിമെന്ററി അലോട്ട്‌മെന്റ് നടത്തി പതിനാറോടെ പ്രവേശനത്തിന്റെ സപ്ലിമെന്ററി ഘട്ടം പൂർത്തിയാക്കും. തുടർന്ന്, പരാതി വന്ന മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട് തുടങ്ങിയ ജില്ലയിലെ വിദ്യാർഥികളുടെ വിവരം താലൂക്ക് അടിസ്ഥാനത്തിൽ ശേഖരിക്കും.

പ്ലസ് വൺ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മണക്കാട് ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പൊതു വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി നിർ‌വഹിച്ചു. പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ വിദ്യാർഥികളുടെ ആവശ്യപ്രകാരം സെപ്‌തംബർ, ഒക്ടോബർ മാസങ്ങളിൽ നടത്തുമെന്ന്‌ മന്ത്രി പറഞ്ഞു.

സ്പോര്‍‌ട്സ് ക്വാട്ട പ്രവേശനം ഇന്ന് മുതല്‍

പ്ലസ് വൺ പ്രവേശനത്തിനുള്ള സ്പോർട്ട്സ് ക്വാട്ട സപ്ലിമെന്ററി അലോട്ട്മെന്റ് റിസൾട്ട് വ്യാഴാഴ്ച പ്രസിദ്ധീകരിക്കും. രാവിലെ 10 മുതൽ കാൻഡിഡേറ്റ് ലോഗിനിലെ സ്പോർട്സ് സപ്ലിമെന്ററി റിസൾട്ട്സ് എന്ന ലിങ്കിലൂടെ അലോട്ട്മെന്റ് റിസൾട്ട് പരിശോധിക്കാം. അലോട്ട്മെന്റ് കിട്ടിയവർ അലോട്ട്മെന്റ്‌ ലെറ്റർ എടുക്കുന്ന ലിങ്കിലൂടെ രണ്ട് പേജുള്ള അലോട്ട്മെന്റ് ലെറ്റർ പരിശോധിച്ച് പ്രവേശനത്തിന് ഹാജരാകേണ്ട ദിവസവും സ്കൂളും കോഴ്സും കൃത്യമായി മനസ്സിലാക്കണം.

അലോട്ട്മെന്റ് ലെറ്റർ അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽനിന്നും അഡ്മിഷൻ സമയത്ത് പ്രിന്റെടുത്ത് നൽകും. അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ സ്ഥിരപ്രവേശനം നേടണം. വിദ്യാർഥികൾ രക്ഷിതാവിനൊപ്പം വെള്ളി വൈകിട്ട് നാലിന് മുമ്പായി പ്രവേശനം നേടണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!