‘വായ്പയെടുത്തത് ആരെന്ന് അറിയില്ല’; 20 കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് ജപ്തി നോട്ടീസ്

Share our post

കുടുംബശ്രീയുടെ പേരില്‍ വ്യാജരേഖകളുണ്ടാക്കി വായ്പാ തട്ടിപ്പ് നടത്തിയ കേസില്‍ പോലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ പരാതിയുമായി കൂടുതല്‍ വീട്ടമ്മമാര്‍ രംഗത്ത്. മട്ടാഞ്ചേരി അഞ്ചാം വാര്‍ഡില്‍ നിന്ന് 20 ഓളം പേരാണ് പരാതിയുമായെത്തിയത്. ഇവരുടെയെല്ലാം പേരില്‍ ആരൊക്കെയോ വായ്പ എടുത്തിട്ടുണ്ട്. മട്ടാഞ്ചേരി വില്ലേജില്‍പ്പെടുന്ന ഇവര്‍ക്കെല്ലാം ജപ്തി നോട്ടീസ് നല്‍കിയിരിക്കുകയാണ്. ജപ്തി ഡിമാന്‍ഡ് നോട്ടീസ് ലഭിച്ചപ്പോഴാണ് വായ്പയുടെ വിവരം അറിയുന്നതെന്ന് ഇവര്‍ പറയുന്നു. 20 വര്‍ഷമായി കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. ഇതുവരെ ഒരു വായ്പയും സ്വീകരിക്കാത്തവരുമുണ്ട്.

എടുക്കാത്ത വായ്പ തിരിച്ചടയ്ക്കാത്തതിന്റെ പേരില്‍ ജപ്തി നടപടി നേരിടേണ്ടിവരുകയാണെന്ന് പരാതിക്കാര്‍ പറയുന്നു. അഞ്ചാം ഡിവിഷനില്‍ ശ്രേയസ് അയല്‍ക്കൂട്ടത്തിലെ അംഗങ്ങളാണ് തട്ടിപ്പിനിരയായത്. ഇവരുടെ ആധാര്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ ഉപയോഗിച്ച് ഇടച്ചിറ യൂണിയന്‍ ബാങ്കില്‍ നിന്നാണ് എട്ട് ലക്ഷം രൂപ വായ്പ എടുത്തത്. ഐ.ഡി.ബി.ഐ. തൃപ്പൂണിത്തുറ ശാഖയില്‍ നിന്ന് പത്ത് ലക്ഷം രൂപയുടെ വായ്പയും എടുത്തു.

ഫോര്‍ട്ട്‌കൊച്ചി 28-ാം വാര്‍ഡിലും സമാനമായ രീതിയില്‍ വീട്ടമ്മമാര്‍ കബളിപ്പിക്കപ്പെട്ടിട്ടുണ്ട്. ഫോര്‍ട്ട്‌കൊച്ചി പോലീസ് സ്റ്റേഷനിലും ഇതുസംബന്ധിച്ച് വീട്ടമ്മമാര്‍ പരാതികള്‍ നല്‍കി. തങ്ങളുടെ അറിവും സമ്മതവുമില്ലാതെ രേഖകള്‍ ഉപയോഗിച്ച് കനറാ ബാങ്ക് ഫോര്‍ട്ട്കൊച്ചി ശാഖയില്‍ നിന്നും പത്ത് ലക്ഷം രൂപയുടെ ലിങ്കേജ് വായ്പയെടുത്തതായാണ് പരാതി. എ.ഡി.എസ്. മുന്‍ ചെയര്‍പേഴ്സനെതിരേയാണ് പരാതി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!