പയ്യാവൂരിൽ വ്യാപാരികളെ കബളിപ്പിച്ച് സിമന്റ് തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ
ശ്രീകണ്ഠപുരം : കരാറുകാരനെന്ന വ്യാജേന സിമന്റ് വ്യാപാരികളുമായി സൗഹൃദം സ്ഥാപിച്ച് ലക്ഷക്കണക്കിന് രൂപയുടെ സിമന്റ് തട്ടിയെടുത്ത കേസിൽ യുവാവിനെ പയ്യാവൂർ എസ്.ഐ. കെ.ഷറഫുദ്ദീനും സംഘവും അറസ്റ്റ് ചെയ്തു. മലപ്പുറം മൊറയൂരിലെ ചൂലൻതൊടി നിജാസ് എന്ന അജാസ് അഹമ്മദി (26) നെയാണ് കാടാമ്പുഴയിൽനിന്ന് അറസ്റ്റ് ചെയ്തത്. ആറളത്തെ പി.കെ.ഹാർഡ്‌വേഴ്സ് ഉടമ ടി.പി.മനോജിന്റെ പരാതിയിലാണ് കേസ്.
പയ്യാവൂരിൽ നിരവധി കെട്ടിടങ്ങൾ പണിയുന്നുണ്ടെന്ന് പറഞ്ഞാണ് മനോജിനെ നിജാസ് സമീപിച്ചത്. 250 ചാക്ക് സിമന്റ് തനിക്ക് വേണമെന്നും സൈറ്റിൽ സിമന്റ് ഇറക്കിയാലുടൻ ലോറിഡ്രൈവറുടെ കൈവശമോ ഗൂഗിൾ പേ വഴിയോ പണം നൽകാമെന്ന് വിശ്വസിപ്പിച്ചാണ് ഓർഡർ നൽകിയത്. ചാക്കിന് 370 രൂപ നിരക്കിലാണ് കച്ചവടം ഉറപ്പിച്ചത്.
കഴിഞ്ഞമാസം 27-നായിരുന്നു മനോജിന്റെ കടയിൽനിന്ന് സിമന്റ് കച്ചവടമാക്കിയത്. തുടർന്ന് പയ്യാവൂരിൽ ഇയാൾ പറഞ്ഞ സ്ഥലത്തേക്ക് സിമന്റ് കയറ്റി വിട്ടു.
ലോറി പയ്യാവൂർ കാക്കത്തോട് എത്തിയപ്പോൾ സിമന്റ് അവിടത്തെ സെയ്‌ന്റ് സ്റ്റീഫൻ ഹാർഡ്‌വേഴ്സ് ഉടമയ്ക്ക് മറിച്ചുവിറ്റ് നിജാസ് മുങ്ങുകയായിരുന്നു. ചാക്കൊന്നിന് 270 രൂപയ്ക്കായിരുന്നു സിമന്റ് മറിച്ചുവിറ്റത്. എസ്.ഐ. കെ.വി.രാമചന്ദ്രൻ, എ.എസ്.ഐ. എം.ആർ.രാജീവ്, സീനിയർ സി.പി.ഒ. അനീഷ്‌കുമാർ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.