കുഴഞ്ഞുവീണ യാത്രക്കാരന് നഴ്സും ബസ് കണ്ടക്ടറും ഡ്രൈവറും രക്ഷകരായി

പയ്യന്നൂർ : കെ.എസ്.ആർ.ടി.സി ബസിൽ കുഴഞ്ഞുവീണ യാത്രക്കാരന് നഴ്സും ബസ് കണ്ടക്ടറും ഡ്രൈവറും രക്ഷകരായി. യാത്രക്കാരൻ ചെറുവത്തൂരിൽനിന്ന് മകനൊപ്പം ബസിൽ പരിയാരം മെഡിക്കൽ കോളജിൽ പരിശോധനയ്ക്കു പോകുന്നതിനിടെയാണ് പയ്യന്നൂർ വിട്ടപ്പോൾ കുഴഞ്ഞുവീണത്.
അതേ ബസിൽ കണ്ണൂർ ബേബി മെമ്മോറിയൽ ആസ്പത്രിയിൽ ഡ്യൂട്ടിക്കു പോവുകയായിരുന്ന നഴ്സ് തെക്കേമമ്പലത്തെ കെ.വി.അമൃത പ്രഥമശുശ്രൂഷ നൽകി.
തുടർന്ന് വേഗം ആസ്പത്രിയിൽ എത്തിക്കാൻ ഡ്രൈവറോട് പറഞ്ഞു. മറ്റു സ്റ്റോപ്പുകളിൽ നിർത്താതെ ബസ് നേരെ പരിയാരം മെഡിക്കൽ കോളജിൽ എത്തിച്ചു. ഡ്രൈവർ പ്രമോദ് കുമാറും കണ്ടക്ടർ ഷിബുവും കാട്ടിയ സന്മനസ്സിന് യാത്രക്കാർ കയ്യടിച്ചു. പ്രഥമശുശ്രൂഷ നൽകിയ അമൃതയെയും അഭിനന്ദിച്ചു.