Connect with us

KETTIYOOR

ദൂരം 50 മീറ്റർ, നടക്കേണ്ടത് രണ്ട് കിലോമീറ്റർ, നടപ്പാലം ഒറ്റമഴയിൽ ഒലിച്ചുപോയി; നീണ്ടുനോക്കിയിൽ യാത്രാദുരിതം

Published

on

Share our post

കൊട്ടിയൂർ: അൻപത് മീറ്റർ അപ്പുറമുള്ള ടൗണിൽ എത്താൻ രണ്ട് കിലോമീറ്റർ ചുറ്റി വളഞ്ഞ് നടക്കേണ്ട അവസ്ഥയിലാണ് കൊട്ടിയൂർ പഞ്ചായത്തിലെ മൂന്ന് വാർഡുകളിലെ 600ൽ അധികം കുടുംബങ്ങൾ. ഇവർക്ക് മഴക്കാലത്ത് ബാവലി പുഴ കടക്കാൻ രണ്ട് തെങ്ങിൻ തടികൾ കൊണ്ട് ഉണ്ടാക്കി കൊടുത്ത നടപ്പാലം ഒറ്റ മഴ പെയ്തപ്പോൾ തന്നെ ഒലിച്ചു പോകുകയും ചെയ്തു.

ഇനി പാലുകാച്ചി, ഒറ്റപ്ലാവ് മേഖലകളിൽ നിന്ന് കൊട്ടിയൂർ ടൗണിൽ എത്തണമെങ്കിൽ വളഞ്ഞു ചുറ്റേണ്ട അവസ്ഥയാണ്. നിലവിൽ ഉണ്ടായിരുന്ന പാലം പൊളിച്ചു നീക്കിയ ശേഷമാണ് നീണ്ടുനോക്കി പാലത്തിന്റെ നിർമാണ പ്രവൃത്തികൾ തുടങ്ങിയത്.

നാല് മാസം കൊണ്ട് പാലത്തിന്റെ സ്ലാബുകൾ വരെയുള്ള പണികൾ പൂർത്തിയാക്കും എന്നായിരുന്നു അവകാശവാദം. അതിനാൽ തന്നെ ബദൽ നടപ്പാലത്തെ കുറിച്ച് നാട്ടുകാർ ആകുലപ്പെട്ടില്ല. എന്നാൽ സംരക്ഷണ ഭിത്തി ഭാഗികമായും ഒരു തൂണും മാത്രം നിർമിച്ച് പാലത്തിന്റെ പണികൾ താൽക്കാലികമായി അവസാനിപ്പിച്ചതോടെ നാട്ടുകാർ കുടുങ്ങി.

വേനൽക്കാലത്ത് നീർച്ചാൽ മാത്രമായിരുന്ന ബാവലി പുഴയിൽ ഇന്നലെ മുതൽ മലവെള്ളം പായാൻ തുടങ്ങി. അൻപത് മീറ്ററിൽ അധികം വിസ്താരമുള്ള പുഴയുടെ നടുവിൽ വെറും അ‍ഞ്ച് മീറ്റർ പോലും നീളമില്ലാത്ത നടപ്പാലമാണ് ഒരു മഴക്കാലത്തെ നേരിടാൻ വേണ്ടി കരാറുകാരനും പൊതുമരാമത്ത് വകുപ്പും ചേർന്ന് നാട്ടുകാർക്ക് സമ്മാനിച്ചത്.

കൊട്ടിയൂർ സമാന്തര പാതയെയും ടൗണിനെയും തമ്മിൽ ബന്ധിപ്പിക്കുന്നതിനാണ് ബാവലി പുഴയിൽ പാലം നിർമിക്കുന്നത്.പാലുകാച്ചി, പന്നിയാംമല, ഒറ്റപ്ലാവ് പ്രദേശങ്ങളിൽ നിന്ന് കൊട്ടിയൂർ ടൗണുമായി ബന്ധപ്പെടാനുള്ള എളുപ്പ മാർഗമാണ് നീണ്ടു നോക്കി പാലം.

മുൻപ് ചെറു വാഹനങ്ങൾക്ക് കടന്നു പോകാൻ കഴിയുന്ന പാലമാണ് ഉണ്ടായിരുന്നത്. റോഡ് വികസനത്തിന്റെയും പാലുകാച്ചി ടൂറിസം വികസനത്തിന്റെയും സാധ്യതകൾ പരിഗണിച്ചാണ് 6.4 കോടി രൂപ ചെലവിൽ പുതിയ പാലം നിർമിക്കുന്നത്.

പഴയ പാലം പൊളിച്ചതിനാൽ പാമ്പറപ്പാൻ ചുറ്റിയോ അതല്ലങ്കിൽ തലക്കാണി പാലം കടന്നോ കൊട്ടിയൂർ ടൗണിൽ എത്തേണ്ട സ്ഥിതിയായി. മല മേഖലയിൽ ഉള്ളവർ സാധാരണ നടന്നാണ് ടൗണിലേക്ക് എത്തിയിരുന്നത്. എന്നാൽ ഇനി ടൗണിൽ എത്തണമെങ്കിൽ രണ്ട് കിലോമീറ്ററോളം അധികം നടക്കണം. അല്ലെങ്കിൽ അത്രയും ദൂരം വലിയ കൂലി നൽകി ഓട്ടോറിക്ഷയെ ആശ്രയിക്കണം. അതിനാൽത്തന്നെ രണ്ട് ദിവസമായി ടൗണിലേക്ക് ജനങ്ങൾ എത്തുന്നില്ല. ഇത് വ്യാപാര മേഖലയെയും പ്രതികൂലമായി ബാധിക്കുകയാണ്.

കൊട്ടിയൂർ വൈശാഖ ഉത്സവ കാലത്ത് ഗതാഗത കുരുക്കുകൾ ഒഴിവാക്കുന്നതിനായി പാലത്തിന്റെ സ്ലാബ് നിർമാണം വരെയുള്ള പണികൾ പൂർത്തിയാക്കും എന്നായിരുന്നു പ്രഖ്യാപനം. ഈ വർഷം കൊട്ടിയൂർ ഉത്സവ കാലത്ത് 15 ദിവസത്തോളം ഗതാഗതക്കുരുക്ക് ഉണ്ടായി. മുൻപ് രണ്ടോ മൂന്നോ ദിവസങ്ങളിൽ മാത്രമാണ് കുരുക്ക് രൂപപ്പെട്ടിരുന്നത്. അത്തരം അവസരങ്ങളിൽ ചെറു വാഹനങ്ങളെ സമാന്തര പാതയിലേക്ക് തിരിച്ചു വിട്ടിരുന്നത് നീണ്ടുനോക്കി പാലത്തിലൂടെ ആയിരുന്നു.


Share our post

KETTIYOOR

കൊട്ടിയൂരിൽ പരിക്കേറ്റ വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറി ബസ് ജീവനക്കാർ

Published

on

Share our post

കൊട്ടിയൂർ: ബസ്സിൽ കയറുന്നതിനിടെ മുന്നോട്ടെടുത്ത ബസിൻ്റെ വാതിലിൽ കൈതട്ടി പരിക്കേറ്റ വിദ്യാർത്ഥിനിയോട് ബസ് ജീവനക്കാർ അപമര്യാതയായി പെരുമാറി. കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി അലീന മരിയക്കാണ് കൊട്ടിയൂർ തലശ്ശേരി റൂട്ടിൽ ഓടുന്ന കണ്ണൻ ബസ്സിലെ ജീവനക്കാരുടെ ഭാഗത്ത് നിന്നും മോശം പ്രതികരണം ഉണ്ടായത്. അലീനയുടെ ഇടത് കൈയ്യുടെ ഷോൾഡറിനാണ് പരിക്കേറ്റത്. ഈ സംഭവം ബസ് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ആശുപത്രിയിൽ കൊണ്ട് പോകാൻ വിസമ്മതിക്കുകയും പെൺകുട്ടിയോടും മാതാപിതാക്കളോടും അപമര്യാദയായി പെരുമാറുകയും ചെയ്തു. പിന്നീട് നാട്ടുകാർ ഇടപെട്ടാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. ഇത് സംബന്ധിച്ച് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.


Share our post
Continue Reading

KETTIYOOR

പേരാവൂർ എക്‌സൈസിന്റെ റെയ്ഡിൽ 60 ലിറ്റർ വാഷ് പിടികൂടി

Published

on

Share our post

കൊട്ടിയൂർ : ക്രിസ്മസ് – ന്യൂ ഇയർ സ്പെഷ്യൽ എൻഫോഴ്സ്മെൻ്റ് ഡ്രൈവിന്റെ ഭാഗമായി കൊട്ടിയൂർ വനാതിർത്തി ഭാഗത്ത് പേരാവൂർ എക്‌സൈസ് നടത്തിയ റെയിഡിൽ 60 ലിറ്റർ വാഷ് കണ്ടെടുത്ത് അബ്ക്കാരി നിയമ പ്രകാരം കേസെടുത്തു. പേരാവൂർ റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ പി.ടി. യേശുദാസിൻ്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ വനാതിർത്തിയിലെ ഉറവക്കുഴിക്കു സമീപം ചാരായ നിർമ്മാണത്തിനായി വാഷ് തയ്യാറാക്കി സൂക്ഷിച്ച കൊട്ടിയൂർ പൊട്ടൻതോട് സ്വദേശി ആലുങ്കൽ വീട്ടിൽ ബിജു ജോസഫിനെതിരെയാണ് (52) കേസെടുത്തത്.

പാറക്കെട്ടുകൾക്കിടയിലെ ദുർഘട മേഖലയിലുള്ള ചാരായവാറ്റ് കേന്ദ്രത്തിലേക്ക് എക്സൈസ് സംഘം എത്തുന്നതറിഞ്ഞ് പ്രതി ഓടിപ്പോയതിനാൽ ഇയാളെ തത്സമയം അറസ്റ്റ് ചെയ്തിട്ടില്ല. മുൻപും അബ്കാരി കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള ആളാണ് പ്രതി. ഇയാൾക്കായുള്ള അന്വേഷണം ശക്തമാക്കി. റെയ്ഡിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) മാരായ ഒ. അബ്ദുൾ നിസാർ, സജീവൻ തരിപ്പ, ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർമാരായ കെ.കെ. ബിജു, ബാബുമോൻ ഫ്രാൻസിസ്, വനിത സിവിൽ എക്സൈസ് ഓഫിസർ ധന്യ ദാമോദരൻ എന്നിവർ പങ്കെടുത്തു.


Share our post
Continue Reading

KETTIYOOR

പേര്യ–നിടുംപൊയിൽ ചുരം റോഡ്‌ 17ന്‌ തുറക്കും

Published

on

Share our post

കൽപ്പറ്റ:വയനാട്‌ –കണ്ണൂർ ജില്ലക്കാർക്ക്‌ ആശ്വാസമേകി പേര്യ–നിടുംപൊയിൽ ചുരം റോഡ്‌ തുറന്നുകൊടുക്കുന്നു. റോഡിൽ വിള്ളലുണ്ടായതിനെ തുടർന്ന്‌ നാലര മാസത്തോളം പൂർണമായും അടഞ്ഞുകിടന്ന പാതയാണ്‌ നവീകരണ പ്രവൃത്തി നടത്തി വീണ്ടും തുറന്നുകൊടുക്കുന്നത്‌. ചൊവ്വാഴ്‌ചയോടെ ചെറിയ വാഹനങ്ങളെ കടത്തിവിടുമെന്നും ഒരാഴ്‌ചകൂടി പിന്നിട്ടാൽ വലിയ വാഹനങ്ങളടക്കം കടന്നുപോകുംവിധം പൂർണമായും ഗതാഗതത്തിന്‌ തുറന്നുകൊടുക്കുമെന്നും അധികൃതർ അറിയിച്ചു. വിള്ളലുണ്ടായ മുഴുവൻ ഭാഗത്തെയും മണ്ണ്‌ പത്ത്‌ മീറ്ററോളം താഴ്ത്തി അടിത്തറയൊരുക്കി റോഡ്‌ പുതുക്കിപ്പണിയുകയായിരുന്നു. സംരക്ഷണ ഭിത്തിയുടെ നിർമാണവും ഏതാണ്ട്‌ പൂർത്തിയായി. പ്രതലം നിരപ്പാക്കുന്ന പണി ഞായറാഴ്‌ച പൂർത്തിയാവും. ടാറിങ് പണികൾ പിന്നീട് നടത്തും.

ചന്ദനത്തോട്‌ മുതൽ നിടുംപൊയിൽവരെ 12 കിലോമീറ്റർ ദൂരം പൂർണമായി റീ ടാറിങ് നടത്താനാണ്‌ ഉദ്ദേശിക്കുന്നത്‌.ചൂരൽമല–മുണ്ടക്കൈ ഉരുൾപൊട്ടലിന്റെ തൊട്ടടുത്ത ദിവസം ജൂലൈ 30നാണ്‌ വയനാട്ടിൽനിന്ന്‌ കണ്ണൂർ ജില്ലയിൽ പ്രവേശിക്കുന്ന ചന്ദനത്തോട്‌ പ്രദേശത്ത്‌ 80 മീറ്ററോളം നീളത്തിൽ റോഡിലും റോഡരികിലും ഭൂമി വിണ്ടുമാറിയത്‌. പൊതുമരാമത്ത്‌ വകുപ്പ്‌ റോഡ്‌സ്‌ വിഭാഗം കണ്ണൂർ ഡിവിഷനുകീഴിലാണ്‌ വിള്ളലുണ്ടായ ഭാഗം. ആഴത്തിലുള്ള വിള്ളലായതിനാൽ താൽക്കാലിക അറ്റകുറ്റപ്പണി നടത്തുന്നത്‌ പ്രയോജനമല്ലെന്ന്‌ കണ്ടെത്തിയിരുന്നു. വിള്ളലുണ്ടായ ഭാഗത്ത്‌ മണ്ണുനീക്കി റോഡ്‌ പുതുക്കിപ്പണിയേണ്ടതിനാലാണ്‌ നിർമാണപ്രവൃത്തി നീണ്ടുപോയത്‌. ഇടക്കിടെയുണ്ടായ മഴയും പ്രവൃത്തി തടസ്സപ്പെടുത്തി. പേര്യ ചുരം അടച്ചതോടെ കൊട്ടിയൂർ –പാൽച്ചുരം വഴിയാണ്‌ നിലവിൽ മാനന്തവാടിയിൽനിന്ന്‌ കണ്ണൂരിലേക്കും തിരിച്ചും വാഹനങ്ങൾ പ്രധാനമായും കടന്നുപോവുന്നത്‌.വീതികുറഞ്ഞ ഈ റോഡിലൂടെ വയനാട്ടിലേക്കുള്ള എല്ലാ വാഹനങ്ങളും വരുന്നതോടെ ഗതാഗതക്കുരുക്ക്‌ പതിവായിരുന്നു.


Share our post
Continue Reading

Trending

error: Content is protected !!