പ്ലസ്‌ വൺ ക്ലാസുകൾ ഇന്ന് മുതൽ; സപ്ലിമെന്ററി അപേക്ഷ ശനി മുതൽ

Share our post

സംസ്ഥാനത്ത്‌ പ്ലസ് വൺ ക്ലാസുകൾ ബുധനാഴ്ച ആരംഭിക്കും. മഴയുടെ സാഹചര്യത്തിൽ അവധി പ്രഖ്യാപിക്കുന്ന പ്രഖ്യാപിക്കുന്ന ജില്ലകളിൽ തൊട്ടടുത്ത പ്രവൃത്തി ദിവസമാകും ക്ലാസ്‌. ക്ലാസുകൾ ആരംഭിക്കുന്നതിനു മുന്നോടിയായി മന്ത്രി വി. ശിവൻകുട്ടി തിങ്കളാഴ്ച ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്തിരുന്നു. പ്ലസ് വൺ പ്രവേശനത്തിന്റെ മുഖ്യഘട്ടത്തിലെ മൂന്ന് അലോട്ട്‌മെന്റുകളും പൂർത്തിയായിട്ടുണ്ട്‌. സപ്ലിമെന്ററി അലോട്ട്‌മെന്റും സ്കൂൾ- കോമ്പിനേഷൻ മാറ്റങ്ങളും തുടർന്നും ഉണ്ടാകും.
കഴിഞ്ഞവർഷം ആഗസ്ത്‌ 25നാണ് ക്ലാസ്‌ ആരംഭിച്ചത്. ഇത്തവണ ജൂലൈ ആദ്യവാരം ക്ലാസ്‌ ആരംഭിക്കുന്നതിനാൽ കൂടുതൽ അധ്യയന ദിവസങ്ങൾ ലഭിക്കും. സ്കൂളുകളിൽ പുതുതായി എത്തുന്ന വിദ്യാർഥികൾക്കായി യോഗം ചേരും. പ്ലസ്‌ വൺ വിദ്യാർഥികളും രക്ഷിതാക്കളും പ്രിൻസിപ്പൽ, പി.ടി.എ പ്രസിഡന്റ്, വൈസ് പ്രിൻസിപ്പൽ എന്നിവരും പങ്കെടുക്കും. തിങ്കളാഴ്ച ക്ലാസ്‌മുറികൾ ശുചീകരിച്ചു. സപ്ലിമെന്ററി അലോട്ട്‌മെന്റിലടക്കം പ്രവേശനം ലഭിക്കുന്ന വിദ്യാർഥികൾക്കായി അധികക്ലാസുകൾ ഏർപ്പെടുത്തി പഠന നഷ്ടം പരിഹരിക്കാൻ മന്ത്രി നിർദേശിച്ചിട്ടുണ്ട്‌. ബുധൻ രാവിലെ 9.30ന് തിരുവനന്തപുരം മണക്കാട്‌ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ മന്ത്രി വി. ശിവൻകുട്ടി വിദ്യാർഥികളുമായി സംവദിക്കും.
സപ്ലിമെന്ററി അപേക്ഷ ശനിമുതൽ
പ്ലസ്‌വൺ സപ്ലിമെന്ററി അലോട്ട്‌മെന്റ് ഒഴിവുകളിലേക്ക്‌ ശനിമുതൽ 12 വരെ അപേക്ഷ സമർപ്പിക്കാം.
ബുധനാഴ്ച ക്ലാസുകൾ ആരംഭിക്കുമ്പോൾ മെറിറ്റ് സീറ്റിൽ 2,63,688ഉം സ്പോർട്സ് ക്വോട്ടയിൽ 3574ഉം കമ്യൂണിറ്റി ക്വോട്ടയിൽ 18,901ഉം മാനേജ്മെന്റ് ക്വോട്ടയിൽ 18,735ഉം അൺ എയ്ഡഡിൽ 11,309ഉം പേർ ഇതുവരെ പ്രവേശനം നേടിക്കഴിഞ്ഞു. മെറിറ്റ് സീറ്റിൽ പ്രവേശന രേഖകൾ മുഴുവൻ സമർപ്പിക്കാത്ത 565 പേർ അടക്കം ആകെ 3,16,772 പേരാണ് പ്രവേശനം നേടിയത്. വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ 22,145 പേർ പ്രവേശനം നേടി.

Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!