അർഹരായവർക്ക് ഭൂമി നൽകാൻ പട്ടയ അസംബ്ലി

തിരുവനന്തപുരം: രേഖകളില്ലാതെ ഭൂമി കൈവശം വച്ചിട്ടുള്ളവർക്കും അർഹരായ ഭൂരഹിതർക്കും ഭൂമി നൽകാൻ ആരംഭിച്ച പട്ടയ മിഷന്റെ ഭാഗമായുള്ള പട്ടയ അസംബ്ലിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് മന്ത്രി കെ.രാജൻ നിർവഹിക്കും. വൈകിട്ട് 3.30ന് വെമ്പായം കൈരളി കൺവെൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ നെടുമങ്ങാട് മണ്ഡലത്തിലെ പട്ടയങ്ങൾ മന്ത്രി വിതരണം ചെയ്യും.
മന്ത്രി ജി.ആർ അനിൽ അദ്ധ്യക്ഷനാകും.എല്ലാ നിയോജക മണ്ഡലങ്ങളിലും എം.എൽ.എമാരുടെ നേതൃത്വത്തിലാണ് പട്ടയ അസംബ്ളി സംഘടിപ്പിക്കുക. വില്ലേജ്, പഞ്ചായത്ത് തലങ്ങളിലുള്ള ജനപ്രതിനിധികളിൽ നിന്നും വില്ലേജു തല ജനകീയ സമിതികളിൽ നിന്നും ശേഖരിക്കുന്ന പട്ടയ പ്രശ്നങ്ങളാണ് പട്ടയ അസംബ്ലികൾ പരിശോധിച്ച് പരിഹാരം കാണുക. അസംബ്ലിയുടെ ചുമതല തഹസിൽദാർ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥർക്കാണ്.
ആഗസ്റ്റ് 20നു മുമ്പ് സംസ്ഥാനത്തെ മുഴുവൻ പട്ടയ അസംബ്ലികളും സംഘടിപ്പിക്കും.പരിഹരിക്കാനാവുന്ന പട്ടയ വിഷയങ്ങൾ പരിശോധിച്ച് ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയുടെ അനുവാദത്തോടെ സമയബന്ധിതമായി പട്ടയം അനുവദിക്കും. അല്ലാത്തവ നിലവിലുളള പട്ടയം ഡാഷ്‌ബോർഡിൽ ഉൾപ്പെടുത്തും. ഇവ ജില്ലാ കളക്ടർ അദ്ധ്യക്ഷനായ ജില്ലാ ദൗത്യ സംഘം പരിശോധിച്ച് ആവശ്യമെങ്കിൽ സംസ്ഥാനതല സമിതിയുടെ പരിഗണനയ്ക്ക് അയയ്ക്കും.