സിബിൽ സ്‌കോർ കുറഞ്ഞാൽ ബാങ്ക്‌ ജോലിയില്ല; വിജ്ഞാപനം പുറത്തിറക്കി ഐ.ബി.പി.എസ്‌

Share our post

കൊച്ചി : ബാങ്ക്‌ ജോലിക്ക്‌ ഉയർന്ന സിബിൽ സ്‌കോർ വേണമെന്ന വിചിത്ര നിബന്ധനയുമായി ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ബാങ്കിങ്‌ പേഴ്‌സണൽ സെലക്ഷൻ (ഐ.ബി.പി.എസ്‌). ക്ലറിക്കൽ തസ്‌തികക്കായുള്ള പുതിയ വിജ്ഞാപനത്തിലാണ്‌ ഇതുള്ളത്‌. എസ്‌.ബി.ഐ ഒഴികെയുള്ള പൊതുമേഖലാ ബാങ്ക്‌ റിക്രൂട്ട്‌മെന്റിനായി ആർ.ബി.ഐ.യുടെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ്‌ ഐ.ബി.പി.എസ്‌. അതതു കാലത്ത്‌ സിബിൽ സ്‌കോർ പുനക്രമീകരിക്കുമെന്ന മുന്നറിയിപ്പും വിജ്ഞാപനത്തിലുണ്ട്‌.  

ജോലിക്ക് ചേരുന്ന തീയതിക്കുമുമ്പ് സിബിൽ സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യാത്ത ഉദ്യോഗാർഥികൾ, വായ്പ നൽകിയ സ്ഥാപനത്തിൽനിന്ന് എൻ.ഒ.സി ഹാജരാക്കണം. സിബിൽ സ്‌കോർ 650ൽ കുറവുള്ളവർ അക്കൗണ്ടുമായി ബന്ധപ്പെട്ട്‌ കുടിശ്ശികയില്ലെന്ന്‌ തെളിയിക്കണം. അല്ലാത്തവർക്ക്‌ നിയമനം നൽകണോ വേണ്ടയോ എന്ന്‌ അതത്‌ ബാങ്കിന്‌ തീരുമാനിക്കാം.

വിദ്യാഭ്യാസവായ്‌പയെടുത്ത്‌ പഠിച്ചവരാണ്‌ ഇതുമൂലം ഏറെ ബുദ്ധിമുട്ടുന്നതെന്ന്‌ ബെഫി അഖിലേന്ത്യാ ജോയിന്റ്‌ സെക്രട്ടറി എസ്‌.എസ്‌. അനിൽ പറഞ്ഞു. ജോലി ലഭിച്ചശേഷമേ വായ്‌പ അടച്ച് തുടങ്ങാനാകൂ. ഇതിനിടെ ഏതെങ്കിലും അടവ്‌ മുടങ്ങിയാൽ സിബിൽ സ്‌കോറിനെ പ്രതികൂലമായി ബാധിക്കും. വിജ്ഞാപനത്തിലെ യുക്തിരാഹിത്യം ചൂണ്ടിക്കാട്ടി ബെഫി ദേശീയ നേതൃത്വം ഐ.ബി.പി.എസ്‌ ചെയർമാന്‌ കത്തയച്ചു. 13ന്‌ ദേശവ്യാപകമായി ബാങ്കുകൾക്ക് മുന്നിൽ ധർണ നടത്താനും ആഹ്വാനം ചെയ്‌തു. കേരളത്തിൽ എസ്‌.ബി.ഐ ഒഴികെ 11 ബാങ്കുകളുള്ളതിൽ രണ്ട്‌ ബാങ്കുകളിലായി 52 ഒഴിവ്‌ മാത്രമാണ്‌ റിപ്പോർട്ട്‌ ചെയ്‌തിരിക്കുന്നത്‌.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!