ബാലവിവാഹം: മൂന്നുപേര്‍ക്കെതിരേ കേസ്; 32-കാരന്‍ വിവാഹം കഴിച്ചത് 17-കാരിയെ

ചെർപ്പുളശ്ശേരി: തൂത ഭഗവതിക്ഷേത്രത്തിൽ ബാലവിവാഹം നടന്നതിൽ വരനുൾപ്പെടെ മൂന്നുപേർക്കെതിരേ ചെർപ്പുളശ്ശേരി പോലീസ് കേസെടുത്തു. ബാലവിവാഹ നിരോധന നിയമം ചുമത്തിയാണ് കേസെടുത്തത്.
വരൻ തൂത തെക്കുംമുറി കുളത്തുള്ളി വീട്ടിൽ മണികണ്ഠൻ, പെൺകുട്ടിയുടെ അച്ഛൻ, അമ്മ എന്നിവർക്കെതിരേയാണ് കേസെടുത്തതെന്ന് എസ്.എച്ച്.ഒ. ടി. ശശികുമാർ പറഞ്ഞു. തൂത തെക്കുംമുറിയിലെ മുപ്പത്തിരണ്ടുകാരൻ, മണ്ണാർക്കാട്ടെ പതിനേഴുകാരിയെ വിവാഹം കഴിച്ചെന്നാണ് കേസ്.
തൂത ഭഗവതിക്ഷേത്രത്തിൽ ബാലവിവാഹം നടന്നതായുള്ള രഹസ്യവിവരത്തെത്തുടർന്ന്, വനിതാ-ശിശുക്ഷേമവകുപ്പിനുകീഴിലുള്ള ചൈൽഡ് വെൽഫെയർ കമ്മിറ്റി (സി.ഡബ്ല്യു.സി.) പോലീസിനോട് റിപ്പോർട്ട് തേടിയിരുന്നു.
ജൂൺ 29-ന് നൂറോളം ബന്ധുക്കളുടെ സാന്നിധ്യത്തിലാണ് ആചാരപ്രകാരം വിവാഹം നടന്നതെന്നാണ് അധികൃതർക്ക് ലഭിച്ച വിവരം. വധൂവരന്മാരെ കണ്ടെത്താനുള്ള ശ്രമത്തിലാണു പോലീസ്. ഊട്ടിയിൽ പെൺകുട്ടി പഠിച്ച സ്കൂളിൽനിന്നു ജനനത്തീയതി കണ്ടെത്തി വയസ്സു നിർണയിക്കാൻ പോലീസ് ശ്രമംതുടങ്ങി.
വിവാഹശേഷം ക്ഷേത്രപരിസരത്തെ ഓഡിറ്റോറിയത്തിൽ നടന്ന സത്കാരത്തിലും ബന്ധുക്കളും പ്രദേശവാസികളും പങ്കെടുത്തിരുന്നെന്നാണ് വിവരം.
വിവാഹിതരായെന്ന സാക്ഷ്യപത്രം നൽകിയിട്ടില്ലെന്ന് തൂത ദേവസ്വം
തൂത ക്ഷേത്രസന്നിധിയിൽ വിവാഹം നടത്തുന്നതിനായി വഴിപാട് കൗണ്ടറിൽ 250 രൂപ അടച്ച് ചീട്ടാക്കിയിരുന്നെന്നും ക്ഷേത്രത്തിൽ വിവാഹിതരായെന്ന സാക്ഷ്യപത്രം നൽകിയിട്ടില്ലെന്നും തൂത ദേവസ്വം അധികൃതർ പറഞ്ഞു.
മലബാർ ദേവസ്വം ബോർഡിന്റെകീഴിലുള്ള ക്ഷേത്രങ്ങളിൽ വിവാഹം ചീട്ടാക്കുമ്പോൾ രസീതിൽ വയസ്സ് രേഖപ്പെടുത്താറില്ല. ക്ഷേത്രത്തിൽ സൂക്ഷിക്കുന്ന വിവാഹ രജിസ്റ്ററിൽ വയസ്സ് രേഖപ്പെടുത്തിയതിനുശേഷം മാത്രമേ സാക്ഷ്യപത്രം നൽകൂ എന്നും ദേവസ്വം അധികൃതർ പറഞ്ഞു.