ട്വിറ്ററിനെ വെല്ലുവിളിച്ച് മെറ്റ അവതരിപ്പിക്കുന്ന പുതിയ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോം വ്യാഴാഴ്ച എത്തും. ത്രെഡ്‌സ് എന്ന് പേരിട്ടിരിക്കുന്ന ഈ ആപ്പ് ആപ്പിള്‍ ആപ്പ്‌സ്റ്റോറില്‍ പ്രീ ഓര്‍ഡര്‍ ചെയ്യാന്‍ സാധിക്കും.
ഇന്‍സ്റ്റാഗ്രാമുമായി ബന്ധിപ്പിച്ചാണ് ഇതിന്റെ പ്രവര്‍ത്തനം. എഴുത്തിലൂടെ ആശയവിനിമയം നടത്തുന്നതിനുള്ള ആപ്പ് എന്ന നിലയിലാണ് മെറ്റ ഇതിനെ അവതരിപ്പിക്കുന്നത്.
കാഴ്ചയില്‍ ട്വിറ്ററിന് സമാനമായ ഡാഷ്‌ബോര്‍ഡ് തന്നെയാണ് ത്രെഡ്‌സിന്. മെറ്റ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗും ട്വിറ്റര്‍ മേധാവി ഇലോണ്‍ മസ്‌കും തമ്മിലുള്ള നേരിട്ടൊരു ഏറ്റുമുട്ടലിനാണ് ഇതുവഴി തുടക്കമിടുക.
അടുത്തിടെ ഇരുവരും സോഷ്യല്‍ മീഡിയ വഴി നടത്തിയ വെല്ലുവിളികള്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. നേരിട്ട് ഒരു സംഘട്ടനത്തിന് തയ്യാറാണെന്നായിരുന്നു ഇരുവരുടേയും വെല്ലുവിളി.
ട്വിറ്ററിന് എതിരാളിയായി പുതിയ പ്ലാറ്റ്‌ഫോം അവതരിപ്പിക്കാനുള്ള സക്കര്‍ബര്‍ഗിന്റെ നീക്കത്തിന്റെ പശ്ചാത്തലത്തിലായിരിക്കാം മസ്‌കിന്റെ പോര്‍വിളി എന്നാണ് കരുതുന്നത്.
ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് ശേഷം കൊണ്ടുവന്ന മാറ്റങ്ങള്‍ ട്വിറ്റര്‍ ഉപഭോക്താക്കളെ വലിയ രീതിയില്‍ അസ്വസ്ഥരാക്കിയിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് പ്രതിദിനം വായിക്കാവുന്ന ട്വീറ്റുകളുടെ എണ്ണത്തില്‍ നിയന്ത്രണം കൊണ്ടുവന്നതിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.
മാത്രവുമല്ല ഇതുവരെ സൗജന്യമായി ലഭ്യമാക്കിയിരുന്ന പല സേവനങ്ങള്‍ക്കും ഇപ്പോള്‍ ട്വിറ്റര്‍ പണമീടാക്കാന്‍ തുടങ്ങുകയാണ്.
അതേസമയം ത്രെഡ്‌സ് ആപ്പ് സൗജന്യ സേവനമായിരിക്കും. ഉപഭോക്താക്കള്‍ക്ക് കാണാവുന്ന പോസ്റ്റുകളുടെ എണ്ണത്തില്‍ നിയന്ത്രണവും ഉണ്ടാവില്ല.
അതേസമയം, ഫേസ്ബുക്കിന്റെയും ഇന്‍സ്റ്റാഗ്രാമിന്റേയും ജനപ്രീതി ത്രെഡ്‌സിന് ഗുണകരമാവാനാണ് സാധ്യത. ഇതിന് മുമ്പ് ട്വിറ്ററുമായി മത്സരിക്കാന്‍ മാസ്റ്റഡണ്‍, ട്രംപിന്റെ ദി ട്രൂത്ത് പോലുള്ള പ്ലാറ്റ്‌ഫോമുകള്‍ അവതരിപ്പിക്കപ്പെട്ടിരുന്നു. ട്വിറ്റര്‍ സഹസ്ഥാപകനും മുന്‍ മേധാവിയുമായ ജാക്ക് ഡോര്‍സിയും ബ്ലൂ സ്‌കൈ എന്ന പേരില്‍ ട്വിറ്ററിനെ വെല്ലുവിളിക്കുന്ന പുതിയ പ്ലാറ്റ് ഫോം അവതരിപ്പിച്ചിട്ടുണ്ട്.
എന്തായാലും ട്വിറ്റര്‍ ഇതുവരെ നേരിട്ടതില്‍ വലിയ വെല്ലുവിളിയായിരിക്കും ത്രെഡ്‌സ് എന്നാണ് വിലയിരുത്തപ്പെടുന്നത്. മറ്റ് പ്ലാറ്റ്‌ഫോമുകളുടെ ആശയം പകര്‍ത്തി അത് വിജയമാക്കിയ ചരിത്രം സക്കര്‍ബര്‍ഗിനുണ്ട്. ടെലഗ്രാമിനെ അനുകരിച്ചുള്ള വാട്‌സാപ്പ് ഫീച്ചറുകളും, സ്‌നാപ്ചാറ്റിനെ അനുകരിച്ചുള്ള ഇന്‍സ്റ്റാഗ്രാം ഫീച്ചറുകളും, ടിക് ടോക്കിനെ അനുകരിച്ചുള്ള റീല്‍സുമെല്ലാം അതില്‍ ചിലതാണ്.
മാത്രവുമല്ല ഒരു സോഷ്യല്‍ മീഡിയാ സ്ഥാപനം എന്ന നിലയില്‍ മെറ്റയുടെ ശേഷി വലുതാണ്. ഇന്‍സ്റ്റാഗ്രാമുമായി ബന്ധിപ്പിച്ചുള്ള പ്രവര്‍ത്തനം ആയതിനാല്‍ ഇന്‍സ്റ്റാഗ്രാം ഉപഭോക്താക്കളില്‍ വലിയൊരു ശതമാനത്തെ തുടക്കത്തില്‍ തന്നെ ത്രെഡ്‌സിലേക്ക് കൊണ്ടുപോവാന്‍ മെറ്റയ്ക്ക സാധിച്ചേക്കും.