കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റ് പിടിയിൽ

ദേശമംഗലം : കൈക്കൂലി കേസിൽ ആറങ്ങോട്ടുകര വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്റ് ടി. അയ്യപ്പനെ വിജിലൻസ് അറസ്റ്റ് ചെയ്തു. 5000 രൂപയാണ് വാങ്ങിയത്. ആർഒആർ സർട്ടിഫിക്കറ്റ് വാങ്ങാൻ വന്ന ആളിൽനിന്നാണ് അയ്യപ്പൻ കൈക്കൂലി വാങ്ങിയത്. ഒരു വർഷത്തോളമായി പരാതിക്കാരൻ ഈ സർട്ടിഫിക്കറ്റിനായി വില്ലേജ് ഓഫീസിൽ കയറിയിറങ്ങുകയായിരുന്നു.
ഇതേക്കുറിച്ച് വിജിലൻസിനെ അറിയിച്ച് രേഖാമൂലം പരാതിയും നൽകിയിരുന്നു. ചൊവ്വാഴ്ച വില്ലേജ് ഓഫീസിൽ പരാതിക്കാരൻ എത്തിയപ്പോൾ വിജിലൻസ് ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു. കൈക്കൂലി വാങ്ങിയ ഉടൻ തന്നെ അഴിമതി വിരുദ്ധ സേന പിടികൂടി. പട്ടാമ്പി പൂവത്തിങ്ങൽ അബ്ദുള്ളകുട്ടിയാണ് കേസിലെ പരാതിക്കാരൻ.