കണ്ണൂരിൽ മലയോര മേഖലയിൽ രാത്രി പത്തിന് ശേഷം ഗതാഗത നിയന്ത്രണം

കണ്ണൂർ : കണ്ണൂർ ജില്ലയിലെ മലയോര മേഖലയിൽ രാത്രി പത്തിന് ശേഷം അവശ്യ സർവ്വീസ് ഒഴികെയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. വിനോദ സഞ്ചാരം, ക്വാറി – ക്രഷർ എന്നിവയുടെ പ്രവർത്തനവും ഏഴാം തിയതി വരെ നിരോധിച്ചു. കണ്ണൂർ ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് കളക്ടറുടെ ഉത്തരവ്.
മലയോര മേഖലകളിലും തീര മേഖലകളിലും അതീവ ജാഗ്രത തുടരണം എന്നാണ് നിര്‍ദ്ദേശം. ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ടുണ്ട്. മലയോര മേഖലകളിലും തീര പ്രദേശങ്ങളിലും യാത്രകൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
വരുന്ന അഞ്ച് ദിവസം കേരളത്തിൽ കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഇന്ന് 20 സെൻ്റിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്. മൂന്ന് ദിവസത്തിന് ശേഷം മഴയുടെ ശക്തി കുറയും.
സംസ്ഥാനത്ത് വ്യാപകമായി കനത്ത മഴ തുടരുകയാണ്. കഴിഞ്ഞ മണിക്കൂറുകളിൽ തെക്കൻ – മധ്യകേരളത്തിൽ വ്യാപകമായും കണ്ണൂർ, കാസർകോട് ജില്ലകളിലും ശക്തമായ മഴ രേഖപ്പെടുത്തി. അടുത്ത മണിക്കൂറുകളിലും കനത്ത മഴ തുടരും.