മഴ: താമരശ്ശേരി ചുരത്തില്‍ മരംവീണ് ഗതാഗതം തടസപ്പെട്ടു, ഇരുവഞ്ഞിപ്പുഴയില്‍ ഒരാളെ കാണാതായി

കോഴിക്കോട്: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ തുടരുന്ന കനത്ത മഴയില്‍ വന്‍നാശനഷ്ടം. പലയിടത്തും മരം വീണ് ഗതാഗതം തടസപ്പെട്ടു. താമരശ്ശേരി ചുരത്തില്‍ റോഡിന് കുറുകെ മരം വീണതിനെത്തുടര്‍ന്ന് കോഴിക്കോടു നിന്ന് വയനാട് ഭാഗത്തേക്കും തിരിച്ചുമുള്ള വാഹനസഞ്ചാരം തടസപ്പെട്ടു. ഇരുവഞ്ഞിപ്പുഴയിലെ ഒഴുക്കില്‍ പെട്ട ആള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുന്നു.
താമരശ്ശേരി ചുരത്തിന്‍റെ. ചുരം ആറാം വളവിലാണ് വനപ്രദേശത്തെ മരം കടപുഴകി റോഡിലേക്ക് വീണത്. മരം റോഡിന് കുറുകെ വീണതിനാല്‍ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. കല്‍പ്പറ്റയില്‍ നിന്ന് അഗ്നിരക്ഷാസേന ചുരത്തിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
കോഴിക്കോട് ഇരുവഞ്ഞിപ്പുഴയിൽ ഒരാൾ ഒഴുകിൽ പെട്ടു. കൊടിയത്തൂർ തെയ്യത്തും കടവ് പാലത്തിനു സമീപമാണ് ഒരാൾ ഒഴുക്കിൽ പെട്ടത് കൊടിയത്തൂർ കാരക്കുറ്റി സ്വദേശി സി കെ ഉസൈൻ കുട്ടിയാണ് ഒടുക്കിൽ പെട്ടത്. നാട്ടുകാരും ഫയർ ഫോഴ്സും ചേർന്ന് തിരച്ചിൽ നടത്തുന്നു.
കൊയിലാണ്ടി ബിവറേജസ് റോഡിൽ പ്ലാവിന്റെ കൊമ്പ് കാറിനു മുകളിൽ വീണു. ഉച്ചയ്ക്ക് രണ്ടു മണിയോടെ കൂടിയാണ് മരക്കൊമ്പ് ഇലക്ട്രിക് ലൈനിലേക്കും കാറിനു മുകളിലേക്കും ആയി പൊട്ടിവീണത്. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന സ്ഥലത്തെത്തി മരക്കൊമ്പ് മുറിച്ചു മാറ്റി.
കനത്ത മഴയിലും കാറ്റിലും ചക്കിട്ടപാറയില്‍ മരം കടപുഴകി പഞ്ചായത്ത് ഓഫീസിനു മുന്നില്‍ ഗതാഗതം തടസ്സപ്പെട്ടു. പേരാമ്പ്ര ഫയര്‍ഫേഴ്‌സ് സ്ഥലത്തെത്തി മുറിച്ചുമാറ്റി. കോഴിക്കോട് വൈക്കം മുഹമ്മദ് ബഷീർ റോഡിൽ മരക്കമ്പ് പൊട്ടി വീണ് കാർ ഭാഗികമായി തകർന്നു. നിർത്തിയിട്ട കാറിന് മുകളിലേക്കാണ് മരക്കൊമ്പ് പൊട്ടി വീണത്. ഇതു വഴിയുള്ള ഗതാഗതവും തടസപ്പെട്ടു. ബീച്ച് ഫയർ ഫോഴ്സ് സ്ഥലത്തെത്തി മരക്കൊമ്പ് മുറിച്ച് മാറ്റി.
ശക്തമായ മഴയിൽ മാവൂർ കൂളിമാട് റോഡ് താത്തൂർ പൊയിലിലെ എടക്കുനിമ്മൽ ഭാഗത്ത് റോഡ് വയലിലേക്ക് ഇടിഞ്ഞു. ജലജീവൻ പദ്ധതിക്ക് പൈപ്പിടുന്നതിന് വേണ്ടി ഈ ഭാഗത്ത് ചാലെടുത്തിരുന്നു. നിരവധി വാഹനങ്ങൾ ഏത് സമയത്തും കടന്നുപോകുന്ന തിരക്കുപിടിച്ച ഒരു റോഡ് കൂടിയാണ് ഇത്.
കോഴിക്കോട് ഊട്ടി ഹ്രസ്വദൂര പാതയായി ഈറോഡ് ഉൾപ്പെടുത്തി നവീകരണം തുടങ്ങിയെങ്കിലും പല ഭാഗങ്ങളിലും റോഡിന് ആവശ്യമായ സ്ഥലം ഇല്ലാത്തതിനാൽ പ്രവൃത്തി മുടങ്ങുകയാണ് ചെയ്തത്. റോഡ് ഇടിഞ്ഞതോടുകൂടി ഇതുവഴിയുള്ള ഗതാഗതം അപകടാവസ്ഥയിലായി.