പാതി തളർന്ന ശരീരത്തിലും തളരാതെ എഴുതും ‘പാഠ”മാണ് റഫ്സാനയുടെ ‘ജിന്ന് “

Share our post

പഴയങ്ങാടി:ജനിച്ച് ആറാം മാസത്തോടെ സെറിബ്രൽ പൾസിയുടെ ലക്ഷണങ്ങൾ റഫ്സാനയിൽ കണ്ടുതുടങ്ങിയത്. പാതി തളർന്ന ശരീരവും സംസാരിക്കാൻ കഴിയാത്ത അവസ്ഥയുമായുള്ള കുട്ടിക്കാലം. മകളെ സ്കൂളിൽ എങ്ങനെ കൊണ്ടുപോകണമെന്നറിയാതെ കുഴങ്ങിയ പിതാവ് അബ്ദുൾഖാദറും അമ്മ മറിയുമ്മയും.

കണ്ണപുരം റെയിൽവേ സ്റ്റേഷന് സമീപത്തെ വീട്ടിൽ നിന്ന് കെ കണ്ണപുരം എൽ.പി സ്കൂളിലേക്കുള്ള ബുദ്ധിമുട്ടിയുള്ള യാത്ര വെറുതെയായില്ല. ‘ജിന്ന്” എന്ന പേരിൽ ആദ്യനോവൽ പുറത്തിറക്കുന്നതിലേക്ക് എത്തിയിരിക്കുന്നു ഈ പെൺകുട്ടി.സെറിബ്രൽ പൾസി ബാധിച്ചിട്ടും വായനയുടേയും എഴുത്തിന്റെയും ലോകം പുതിയൊരു ജീവിതം നൽകിയ അനുഭവമാണ് റഫ്സാനയുടേത്.

ഒന്നാം ക്ലാസു മുതൽ കോളേജ് വരെ ഓട്ടോറിക്ഷയിൽ എത്തിയിരുന്ന റഫ്സാന വീൽ ചെയറിൽ ഇരുന്നായിരുന്നു പഠിച്ചിരുന്നത്. ചെറുകുന്ന് ഗേൾസ് സ്കൂൾ, ചെറുകുന്ന് ബോയ്സ് സ്കൂൾ എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം മാടായി കോളേജിൽ ഡിഗ്രി പൂർത്തിയാക്കി.അദ്ധ്യാപകരും സഹപാഠികളുമായിരുന്നു ബലം നൽകിയത്.

എഴുതാൻ പ്രയാസമുള്ളതിനാൽ ടാബിലും മൊബൈൽ ഫോണിലും ടൈപ്പ് ചെയ്യും. കുഞ്ഞു കവിതകളും കഥകകളും നോവലുകളുമെല്ലാം സമൂഹ മാധ്യമങ്ങളിലൂടെ വായനക്കാരിലേക്ക് എത്തി.എന്റെ തൂലിക എന്ന ഫെയ്സ് ബുക്ക് പേജിലൂടെയാണ് സൃഷ്ടികൾ ആദ്യം വായനക്കാരിലെത്തിയത്. എല്ലാവരും പിന്തുണച്ചതോടെ പുസ്തകം എന്ന സ്വപ്നത്തിലെത്തി.

സൃഷ്ടിപഥം പബ്ലിക്കേഷൻസാണ് ജിന്ന് പുറത്തിറക്കുന്നത്. പുരോഗമന കലാസാഹിത്യസംഘം കണ്ണപുരം ഏരിയ സെക്രട്ടറി കെ.വി ശ്രീധരനും കണ്ണപുരം പഞ്ചായത്ത് അംഗം ടി.പി ഗംഗാധരനും പുസ്തക പ്രകാശനത്തിൽ റഫ്സാനയുടെ കൂടെയുണ്ട്.മകളുടെ സ്വപ്നം യാഥാർത്ഥ്യമാക്കാൻ പിന്തുണയുമായി രക്ഷിതാക്കൾക്കൊപ്പം സഹോദരങ്ങളായ റാഹിമ വസീമും ഹനയും കൂടെ തന്നെയുണ്ട് .

ബഷീറിന്റെയും പൊറ്റക്കാടിന്റെയും കഥകളും ഷെർലോക് ഹോംസിന്റെ ക്രൈം ത്രില്ലറുകളുമാണ് റഫ്സാനയ്ക്ക് പ്രീയം. ഓൺലൈൻ പി.എസ്.സി കോച്ചിംഗ് ക്ലാസിലും ചേർന്ന് ജോലിയ്ക്കുള്ള ശ്രമവും ഈ പെൺകുട്ടി നടത്തുന്നുണ്ട്. റഫ്സാനയുടെ കഥ കേട്ടറിഞ്ഞ് കല്യാശ്ശേരി എം.എൽ.എ എം.വിജിൻ പിന്തുണയുമായി എത്തിയിട്ടുണ്ട്.

തീവണ്ടി എന്ന പേരിൽ ക്രൈം തില്ലർ നോവലിന്റെ പണിപ്പുരയിലാണ് റഫ്‌സാന ഇപ്പോൾ.തന്നെ പോലെ എഴുന്നേറ്റ് നിൽക്കാൻ കഴിയാത്തവർക്ക് പ്രചോദനവും പ്രോത്സാഹനവും പകരുകയെന്നതാണ് തന്റെ ജീവിതലക്ഷ്യമെന്ന് ഈ യുവ എഴുത്തുകാരി സാക്ഷ്യപ്പെടുത്തുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!