പ്രിയ ഇനി നീലേശ്വരത്ത്; നിയമന ഉത്തരവ് നല്കി കണ്ണൂര്‍ സര്‍വകലാശാല

കണ്ണൂര്‍: വിവാദങ്ങള്‍ക്കിടെ ഡോ. പ്രിയ വര്‍ഗീസിന് അസോസിയേറ്റ് പ്രഫസര്‍ തസ്തികയിലേക്ക് നിയമന ഉത്തരവ് നല്കി കണ്ണൂര്‍ സര്‍വകലാശാല. 15 ദിവസത്തിനകം നീലേശ്വരം ക്യാമ്പസില്‍ മലയാളം വിഭാഗത്തില്‍ ജോലിയില്‍ പ്രവേശിക്കണം.
ശനിയാഴ്ചയാണ് സര്‍വകലാശാല ഉത്തരവ് നല്‍കിയത്. ഹെെക്കോടതിയില്‍ നിന്നുള്ള അനുകൂല വിധിക്ക് പിന്നാലെയാണ് തീരുമാനം. സിന്‍ഡിക്കേറ്റ് റാങ്ക് ലിസ്റ്റ് എല്ലാം അംഗീകരിച്ചു. പ്രിയയുടെ സര്‍ട്ടിഫിക്കറ്റ് പരിശോധനയും പൂര്‍ത്തിയാക്കി.
പ്രിയയ്ക്ക് മതിയായ യോഗ്യതയുണ്ടെന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ച് കണ്ടെത്തിയിരുന്നു. ഇവര്‍ക്ക് 2018 ലെ ചട്ടപ്രകാരമുള്ള യോഗ്യത ഇല്ല എന്ന യു.ജി.സിയുടെ സത്യവാംഗ്മൂലം തള്ളിയും സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കിയുമായിരുന്നു ഡിവിഷന് ബെഞ്ചിന്റെ വിധി.
നിലവില്‍ തൃശൂര്‍ കേരള വര്‍മ കോളജില്‍ അധ്യാപികയാണ് ഡോ.പ്രിയ വര്‍ഗീസ്. ഇവിടുത്തെ നടപടികള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കി അവര്‍ ഉടനടി നീലേശ്വരം ക്യാമ്പസില്‍ പ്രവേശിക്കുമെന്നാണ് വിവരം.
എന്നാല്‍ വിഷയത്തില്‍ നിയമപോരാട്ടം തുടരുമെന്നുറപ്പാണ്. ഹൈക്കോടതി ഡിവിഷന് ബെഞ്ച് വിധിക്കെതിരേ യു.ജി.സി സുപ്രീം കോടതിയെ സമീപിച്ചേക്കും.