നിയമസഭാ കയ്യാങ്കളി കേസ്‌; തുടരന്വേഷണം ആവശ്യപ്പെട്ട് പോലീസ് കോടതിയിൽ, നീക്കം വിചാരണ തുടങ്ങാനിരിക്കെ

Share our post

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് പോലീസ് കോടതിയിൽ. കേസുമായി ബന്ധപ്പെട്ട് വിചാരണ ആരംഭിക്കാനിരിക്കെയാണ് പോലീസിന്റെ തന്ത്രപരമായ നീക്കം. തിരുവനന്തപുരം സി.ജെ.എം കോടതിയിലാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. കേസിൽ ഒട്ടേറെ വസ്തുതകൾ കൂടി അന്വേഷിക്കാനുണ്ടെന്നും പോലീസ് ഹർജിയിൽ പറയുന്നു.

കേസിൽ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെയാണ് വീണ്ടും തുടരന്വേഷണം ആവശ്യപ്പെട്ട് പോലീസ് കോടതിയെ സമീപിച്ചിരിക്കുന്നത്. കേസിൽ വിചാരണ തീയതി നിശ്ചയിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് നടപടി. ഹർജിയുമായി ബന്ധപ്പെട്ട് കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.
കുറ്റപത്രം സമർപ്പിച്ച കേസുകളിൽ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ കോടതിയിൽ വരുന്ന സാഹചര്യം വിരളമാണ്. എന്നാൽ, ഇവിടെ പോലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ കൂടുതൽ അന്വേഷണം വേണമെന്നാണ് പോലീസിന്റെ തന്നെ ആവശ്യം.
വി. ശിവൻകുട്ടി, കെ.ടി. ജലീൽ, ഇ.പി ജയരാജൻ തുടങ്ങിയവർ അടക്കം ആറു പ്രതികളാണ് കേസിലുള്ളത്. കേസ് മുന്നോട്ട് പോകുന്ന സാഹചര്യമുണ്ടായാൽ മന്ത്രി വി. ശിവൻകുട്ടിക്ക് തിരിച്ചടിയാകുമോ എന്ന ആശങ്കയുണ്ടായിരുന്നു. കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ഇടത് മുൻ എം.എൽ.എമാരായ ഇ.എസ്. ബിജിമോൾ, ഗീതാ ഗോപി എന്നിവരും തിരുവനന്തപുരം സി.ജെ.എം കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു.
2015 മാർച്ച് 13-ന് മുൻ ധനമന്ത്രി കെ.എം മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെ പ്രതിപക്ഷം തടയാൻ ശ്രമിച്ചതാണ് നിയമസഭയിൽ കയ്യാങ്കളിയിലേക്ക് നയിച്ചത്. ബാർ കോഴ അഴിമതിയിൽ കെ.എം മാണിക്ക് പങ്കുണ്ടെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. സംഘർഷത്തിനിടെ നിയമസഭയിലുണ്ടാക്കിയ നഷ്ടം ചൂണ്ടിക്കാണിച്ചാണ് പോലീസ് കേസെടുത്തിരുന്നത്.

Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!