ജലസമൃദ്ധമായി കുറ്റാലം വെള്ളച്ചാട്ടം; പാലരുവി ഈയാഴ്ച തുറക്കും

തെന്മല: കേരളത്തില്‍ രണ്ടു ദിവസമായി ലഭിച്ച മഴയെത്തുടര്‍ന്ന് കിഴക്കന്‍മേഖലയിലെ വെള്ളച്ചാട്ടങ്ങള്‍ ജലസമൃദ്ധമായി. ഇടവിട്ട് മഴ ലഭിച്ചതോടെ കുറ്റാലം വെള്ളച്ചാട്ടത്തില്‍ ഞായറാഴ്ചമുതല്‍ നീരൊഴുക്ക് ശക്തമായി.
കുത്തൊഴുക്ക് അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ ആറുമുതല്‍ എട്ടുവരെ വെള്ളച്ചാട്ടത്തില്‍ സഞ്ചാരികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തേണ്ടിവന്നു. പിന്നീട് ഒഴുക്ക് കുറഞ്ഞതോടെ കുളിക്കാന്‍ അനുമതി നല്കി.
മഴ തുടര്‍ന്നാല്‍ ആര്യങ്കാവ് പാലരുവി ജലപാതം ഈയാഴ്ച തുറക്കും. നിലവില്‍ മുഴുവന്‍ സമയവും ഒരേ അളവില്‍ ഒഴുക്കില്ല. സാധാരണമായി ജൂണ്‍, ജൂലായ് മാസങ്ങളിലാണ് പാലരുവിയില്‍ ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്നത്.
അച്ചന്‍കോവില്‍ കുംഭാവുരുട്ടി വെള്ളച്ചാട്ടത്തില്‍ ഒഴുക്ക് വര്‍ധിച്ചതോടെ തിങ്കളാഴ്ച രാവിലെ കുറച്ചുനേരം സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിച്ചു. തുടര്‍ന്ന് പ്രവേശനം താത്കാലികമായി നിര്‍ത്തി.
കുറ്റാലത്തേക്ക് പോവാം
പുനലൂരില്‍ നിന്ന് തെന്മല ചെങ്കോട്ട വഴിയോ തെങ്കാശിയില്‍ നിന്നോ കുറ്റാലത്തേക്കു പോകാം. പുനലൂരില്‍ നിന്ന് 25 കിലോമീറ്ററാണ് തെന്മലയിലേക്ക്. അവിടെ നിന്ന് 29 കിലോമീറ്റര്‍ ചെങ്കോട്ടയിലേക്ക്. ചെങ്കോട്ടയില്‍ നിന്ന് 7.5 കിലോമീറ്ററാണ് കുറ്റാലത്തേക്ക്.