‘അടയാളം-എന്റെ ആധാർ’ ഉദ്ഘാടനം ഇന്ന്

കണ്ണൂർ : ജില്ലാ ഭരണകേന്ദ്രം നടപ്പാക്കുന്ന ‘അടയാളം – എന്റെ ആധാർ’ പദ്ധതി ചൊവ്വ രാവിലെ പത്തിന് പള്ളിക്കുന്ന് ജി.എച്ച് എസ്.എസ്സിൽ കലക്ടർ എസ്. ചന്ദ്രശേഖർ ഉദ്ഘാടനംചെയ്യും.
പദ്ധതിയുടെ ഭാഗമായി ജില്ലയിലെ സ്‌കൂളുകൾ കേന്ദ്രീകരിച്ച് കുട്ടികളുടെ ആധാറിൽ നിർബന്ധിത ബയോമെട്രിക് അപ്ഡേഷൻ പൂർത്തിയാക്കും. ജില്ലയിലെ സർക്കാർ, എയ്ഡഡ് സ്‌കൂളുകൾ, അങ്കണവാടികൾ എന്നിവിടങ്ങളിൽ പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കും. പൂജ്യം മുതൽ അഞ്ച് വരെയുള്ള കുട്ടികളുടെ ആധാർ എൻറോൾമെന്റ്, പത്ത് വർഷത്തിൽ കൂടുതലായ ആധാറിന്റെ പുതുക്കൽ, തപാൽ വകുപ്പിന്റെ സുകന്യ സമൃദ്ധി യോജന പദ്ധതി, പോസ്റ്റൽ ബാങ്ക് അക്കൗണ്ട് എന്നിവയ്ക്ക് പ്രത്യേക ക്യാമ്പ് ഒരുക്കും. ആധാർ, മൊബൈൽ നമ്പർ, ബാങ്ക് അക്കൗണ്ട് എന്നിവ ബന്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മുമ്പ് നടപ്പാക്കിയ ട്രൈ-ഡി പദ്ധതി ജില്ലയിൽ വിജയകരമായി പൂർത്തിയാക്കിയിരുന്നു.