കതിരൂരിൽ ഗവ. പ്രീമെട്രിക് ഹോസ്റ്റൽ കെട്ടിടം തുറന്നു

തലശേരി : പട്ടികജാതി വികസന വകുപ്പ് കതിരൂരിൽ നിർമിച്ച ഗവ. പ്രീമെട്രിക് ഹോസ്റ്റൽ കെട്ടിടം സ്‌പീക്കർ എ.എൻ. ഷംസീർ ഉദ്‌ഘാടനം ചെയ്‌തു. പട്ടികജാതി പട്ടിക വർഗ വകുപ്പ് സംസ്ഥാനത്ത് നടപ്പാക്കിയ ഗുണപരമായ നേട്ടങ്ങൾ പ്രചരിപ്പിക്കുന്നതിന് പകരം ന്യൂനത പർവതീകരിച്ച് കാണിക്കാനാണ് ചിലർ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പട്ടികജാതി പട്ടികവർഗ പിന്നാക്ക വിഭാഗത്തിലെ വിദ്യാർഥികൾക്കായി നിരവധി പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നതെന്നും സ്‌പീക്കർ പറഞ്ഞു. മന്ത്രി കെ. രാധാകൃഷ്‌ണൻ അധ്യക്ഷനായി.
സംസ്ഥാനത്ത് കൂടുതൽ പോസ്റ്റ് മെട്രിക് ഹോസ്റ്റൽ തുടങ്ങാൻ സർക്കാർ ആലോചിക്കുന്നതായി മന്ത്രി പറഞ്ഞു. പല പ്രീമെട്രിക് ഹോസ്റ്റലുകളിലും കുട്ടികളുടെ എണ്ണം കുറഞ്ഞുവരികയാണ്. ഇത്തരം ഹോസ്റ്റൽ നിലനിർത്തണമോയെന്നത് ആലോചിക്കും. പോസ്റ്റ് മെട്രിക് ഹോസ്‌റ്റലുകളിൽ വിദ്യാർഥികളുടെ എണ്ണം വർധിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. ശൈലജ, കതിരൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. സനിൽ എന്നിവർ വിശിഷ്ടാതിഥികളായി. പഞ്ചായത്ത് പ്രസിഡന്റുമാരായ സി.കെ. അശോകൻ (പന്ന്യന്നൂർ), പി. വത്സൻ (മൊകേരി), സി.കെ. രമ്യ (ചൊക്ലി), ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ടി. റംല, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ കെ.പി. ശശിധരൻ, ജില്ലാ പഞ്ചായത്തംഗം മുഹമ്മദ് അഫ്സൽ, എ.ഒ. ചന്ദ്രൻ, ജില്ലാ പട്ടികജാതി വികസന ഓഫീസർ കെ.വി. രവിരാജ്, ടി.വി. സുഭാഷ് എന്നിവർ പങ്കെടുത്തു.
കിഫ്ബി സഹായത്തോടെ 1.78 കോടി രൂപ ചെലവിൽ മൂന്ന് നിലകളിലായാണ് കെട്ടിടം നിർമിച്ചത്. 30 വിദ്യാർഥികൾക്കും പത്ത് ജീവനക്കാർക്കുമുള്ള താമസസൗകര്യമുണ്ട്. ഫർണിച്ചറുകൾ, മോഡുലാർ കിച്ചൺ സംവിധാനം എന്നിവ ബ്ലോക്ക് പഞ്ചായത്ത് ഫണ്ടുപയോഗിച്ച് പൂർത്തീകരിച്ചു.