വില്ലേജ് ഓഫിസുകളിലും വേണം ഫ്രണ്ട് ഓഫിസ്

കണ്ണൂർ: വിവിധ ആവശ്യങ്ങൾക്ക് ജനം ഏറ്റവും കൂടുതൽ എത്തുന്ന വില്ലേജ് ഓഫിസുകളിൽ ഫ്രണ്ട് ഓഫിസ് സംവിധാനം വേണമെന്നാവശ്യം. പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷനുകൾ, പൊലീസ് സ്റ്റേഷനുകൾ തുടങ്ങിയവയിൽ ഫ്രണ്ട് ഓഫിസ് സംവിധാനം നിലവിൽ വന്നിട്ടും പ്രതിദിനം നൂറിലധികം പേർ എത്തുന്ന വില്ലേജ് ഓഫിസുകളിൽ ഫ്രണ്ട് ഓഫിസ് സംവിധാനമില്ലാത്തത് വിരോധാഭാസമാണെന്ന് മേഖലയിലുള്ളവരും സമ്മതിക്കുന്നു. ഫ്രണ്ട് ഓഫിസ് സംവിധാനം വില്ലേജ് ഓഫിസുകളിൽ ഏർപെടുത്തിയാൽ ആവശ്യങ്ങളുമായി എത്തുന്നവർക്ക് ഓഫിസുകളിൽ കാത്തുനിൽക്കേണ്ട അവസ്ഥ ഉണ്ടാകില്ല.
നിലവിൽ വില്ലേജ് ഓഫിസുകളിൽ കൊടുക്കുന്ന അപേക്ഷകൾക്ക് തെളിവുകൾ ഇല്ലാത്ത അവസ്ഥയുണ്ട്. ഫ്രണ്ട് ഓഫിസ് സംവിധാനം ഏർപെടുത്തിയാൽ ഇതിനും പരിഹാരമാകും. പൊതുജനങ്ങളുടെ അപേക്ഷയിൽ കൃത്യസമയത്ത് സേവനം ഉറപ്പിക്കാനും ഇതുവഴി ഉദ്യോഗസ്ഥരുടെയും ജനങ്ങളുടെയും സമയനഷ്ടം പരിഹരിക്കാനും പറ്റുമെന്നും അഭിപ്രായമുണ്ട്. ജനസാന്ദ്രതയും ജനത്തിന് വില്ലേജ് ഓഫിസിലൂടെ നേടേണ്ട ആവശ്യങ്ങളും മുൻപത്തേതിനേക്കാൾ വർധിച്ചിട്ടുണ്ട്.
വലിയൊരു പ്രദേശത്തിനെ പ്രധിനിധീകരിക്കുന്ന വില്ലേജ് ഓഫിസുകളിൽ ഇതുകൊണ്ട് തന്നെ ജനങ്ങളുടെ ആവശ്യങ്ങൾ യഥാസമയം നിറവേറ്റി നൽകാൻ പറ്റാത്ത അവസ്ഥയുമുണ്ട്. വിവിധ നികുതികൾ, സാക്ഷ്യപത്രങ്ങൾ, മേൽ ഓഫിസുകളിലേക്കുള്ള റിപ്പോർട്ടുകൾ, സീൻ പ്ലാനുകൾ, മഹസറുകൾ, റവന്യു റിക്കവറി പിരിക്കൽ, ജപ്തി നടപടികൾ, പ്രകൃതിക്ഷോഭ ദുരിതാശ്വാസം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, പട്ടയങ്ങൾ, ഭൂമി പതിച്ച് കൊടുക്കൽ തുടങ്ങിയ സംബന്ധിച്ച സേവനങ്ങൾ വില്ലേജ് ഓഫിസുകൾ വഴിയാണു ലഭ്യമാക്കുന്നത്.
വില്ലേജ് ഓഫിസുകളിലെ അഞ്ചും അതിൽ താഴെയുമുള്ള ഉദ്യോഗസ്ഥരാണ് ഇതെല്ലാം ചെയ്യേണ്ടത്. താലൂക്കുകളിൽ നൈറ്റ് ഡ്യൂട്ടിക്കായി നിയോഗിക്കപ്പെടുന്ന വില്ലേജ് ജീവനക്കാർ അടുത്ത ദിവസം ഡ്യൂട്ടി ഓഫ് എടുക്കുന്നതും വില്ലേജ് ഓഫിസുകളുടെ പ്രവർത്തനത്തെ താളം തെറ്റിക്കുന്നുണ്ട്. ഇതിനൊക്കെ പുറമേയാണ് സെർവർ തകരാർ കൊണ്ടുള്ള പ്രതിസന്ധി. ഇടയ്ക്കിടെയുള്ള സെർവർ തകരാർ കാരണം വിവിധ വില്ലേജ് ഓഫിസ് നടപടികൾ നടത്താനാവാതെ ജനത്തിന് മടങ്ങി പോകേണ്ട അവസ്ഥയും ഉണ്ട്.