മകളെ മര്‍ദിക്കുന്നത് തടയാനെത്തിയ മാതാവ് തലക്കടിയേറ്റ് മരിച്ചു; മരുമകന്‍ അറസ്റ്റില്‍

Share our post

തിരുവനന്തപുരം: നെയ്യാറ്റിൻകര കുളത്തൂർ കടകുളത്ത് ഭാര്യമാതാവിനെ തലക്കടിച്ച് കൊന്നു. തൊഴിലുറപ്പ് തൊഴിലാളിയായ തങ്കം (65) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മരുമകൻ റോബർട്ടിനെ പൊഴിയൂർ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം.

തങ്കത്തിന്റെ മകൾ പ്രീതയുടെ രണ്ടാം ഭർത്താവാണ് റോബർട്ട്. നാലുവർഷം മുമ്പ് അപകടത്തിൽ മരിച്ച പ്രീതയുടെ ആദ്യഭർത്താവിന്റെ മരണത്തെ തുടർന്ന് ലഭിച്ച തുകയെച്ചൊല്ലി വീട്ടിൽ കലഹം പതിവായിരുന്നു.

ഞായറാഴ്ച റോബർട്ട് പ്രീതയെ ഇരുമ്പ് ദണ്ഡ് കൊണ്ട് അതിക്രൂരമായി മർദിച്ചു. പ്രീതയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് തങ്കത്തിനും മര്‍ദനമേറ്റത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ തങ്കത്തിനെ നാട്ടുകാരുടെ സഹായത്തോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും തിങ്കളാഴ്ച പുലർച്ചെ അന്ത്യം സംഭവിക്കുകയായിരുന്നു. പ്രീതയുടെ ഇടത് കൈയ്ക്ക് പൊട്ടലുണ്ട്, തലയിലും പരിക്കേറ്റു.

നാട്ടുകാർ പിടികൂടിയാണ് റോബർട്ടിനെ പോലീസിൽ ഏൽപ്പിച്ചത്. തിരുവനന്തപുരം കന്യാകുമാരി ജില്ലകളിലെ വിവിധ സ്റ്റേഷനുകളിൽ പോക്സോ ഉൾപ്പെടെ നിരവധി കേസിലെ പ്രതിയാണ് റോബർട്ട് എന്ന് പോലീസ് പറഞ്ഞു.

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം തങ്കത്തിന്റെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!