മറുനാടന്‍ മലയാളി ഓഫീസുകളിലും റിപ്പോര്‍ട്ടര്‍മാരുടെ വീടുകളിലും പൊലീസ് റെയ്ഡ്

Share our post

കൊച്ചി: മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനലിന്റെ ഓഫിസുകളിലും ജീവനക്കാരുടെ വീടുകളിലും പോലീസ് റെയ്ഡ്. സംസ്ഥാനത്ത് പലയിടത്തും പരിശോധന നടക്കുന്നുണ്ടെന്നാണ് വിവരം. എറണാകുളം മരോട്ടി ചോട്ടിലെ ഓഫീസിലും മൂന്ന് റിപ്പോര്‍ട്ടര്‍മാരുടെ വീടുകളിലും റെയ്ഡ് നടക്കുന്നുണ്ട്.

കൊച്ചി സെന്‍ട്രല്‍ എസിപിയുടെ നേതൃത്വത്തിലാണ് കൊച്ചിയില്‍ പരിശോധന നടക്കുന്നത്. ഇന്ന് രാവിലെ തുടങ്ങിയ റെയ്ഡ് ഇപ്പോഴും പുരോഗമിക്കുകയാണ്. പിവി ശ്രീനിജിന്‍ എം എല്‍എയുടെ പരാതിയിലാണ് പരിശോധന.

കൊല്ലത്ത് ശ്യാം എന്ന മറുനാടന്‍ മലയാളി റിപ്പോര്‍ട്ടര്‍ പോലീസ് കസ്റ്റഡിയിലാണെന്ന് വിവരം പുറത്തുവന്നിരുന്നു. എന്നാല്‍ ശ്യാമിനെ മൊഴി എടുക്കാനായി വിളിപ്പിച്ചതാണെന്ന് പോലീസ് വ്യക്തമാക്കി. തിരുവനന്തപുരത്ത് മറുനാടന്‍ മലയാളിയുടെ ജീവനക്കാരായ രണ്ട് പേരുടെ വീടുകളില്‍ ഇന്ന് രാവിലെ പൊലീസ് പരിശോധന നടത്തി.

മരുതംകുഴി, വലിയവിള എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. പട്ടത്തുള്ള മറുനാടന്‍ മലയാളിയുടെ ഓഫീസില്‍ കൊച്ചിയില്‍ നിന്നുള്ള പൊലീസ് സംഘം കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു.

പി. വി. ശ്രീനിജന്‍ എം. എല്‍. എയ്‌ക്കെതിരെ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളുടെ പേരിലാണ് കൊച്ചി സിറ്റി പൊലീസിന്റെ നടപടി. മറുനാടന്‍ മലയാളി ചാനല്‍ മേധാവി ഷാജന്‍ സ്‌കറിയക്കെതിരെ അടക്കം എസ്‌.സി – എസ്ടി പീഡന നിരോധന നിയമം അനുസരിച്ച് കേസ് എടുത്തിരുന്നു. ഇതില്‍ ഷാജന്‍ സ്‌കറിയ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചിരുന്നെങ്കിലും കോടതി ഹര്‍ജി തള്ളിയിരുന്നു.

രാഷ്ടീയ പ്രേരിതമായ കേസാണെന്നും പൊലീസ് ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നുമായിരുന്നു കോടതിയില്‍ ഹര്‍ജിക്കാരന്റെ പ്രധാന വാദം. എന്നാല്‍ പ്രോസിക്യൂഷന്‍ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ ഗുരുതരമെന്ന് വിലയിരുത്തിയാണ് ജസ്റ്റീസ് വി. ജി. അരുണ്‍ ഹര്‍ജി തളളിയത്. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയും ജാമ്യാപേക്ഷ നിരസിച്ചിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!