ഫ്യൂസ് ഊരിയ കെ.എസ്.ഇ.ബിയ്‌ക്ക് തിരിച്ച് പണികൊടുത്ത് എം.വി‌.ഡി; വാഹനത്തിലെ ബോ‌ർഡിന് പിഴ ചുമത്തിയത് 3250 രൂപ

Share our post

കാസർകോട്: എ.ഐ ക്യാമറകൾ വഴി പിഴയീടാക്കി തുടങ്ങിയതോടെ ആരംഭിച്ച കെ.എസ്.ഇ.ബി-എം.വി.ഡി പോര് ഇപ്പോഴും തുടരുകയാണ്. കാസ‌ർകോട് കെ.എസ്.ഇ.ബിയ്‌ക്ക് വേണ്ടി ഓടുന്ന വാഹനത്തിൽ കെ.എസ്.ഇ.ബി എന്ന ബോർഡ് വച്ചതിന് 3250 രൂപ പിഴ ചുമത്തി.

ആർ.ടി.ഒയുടെ അനുമതിയില്ലാതെയാണ് ബോർഡ് സ്ഥാപിച്ചതെന്ന് കാണിച്ചാണ് എം‌.വി‌.ഡി പിഴശിക്ഷ നൽകിയത്. കാസർകോട് എൻഫോഴ്‌സ്‌മെന്റ് ആർ‌ടി‌ഒ ഓഫീസിന്റെ ഫ്യൂസ് കെഎസ്‌ഇബി ഊരിയത് കഴിഞ്ഞദിവസമാണ്. വിവിധ മാസങ്ങളിലെ ബിൽ തുകയായി 57,​000 രൂപ അടയ്ക്കാനുണ്ടെന്ന് കാട്ടിയാണ് കെ.എസ്.ഇ.ബി ഫ്യൂസൂരിയത്.

അതേസമയം മട്ടന്നൂരിൽ ഫ്യൂസ് ഊരിമാറ്റിയതോടെ വൈദ്യുതി ചാർജ് ചെയ്യാൻ കഴിയാതെ വന്നതോടെ ആർ.ടി.ഒയുടെ മൂന്ന് വാഹനങ്ങൾ കട്ടപ്പുറത്തായിരുന്നു.ഇവിടെ വൈദ്യുതി തുക 52,820 രൂപ കുടിശിക ഉള്ളതിനാലാണ് വൈദ്യുതി വിഛേദിച്ചത്.

ഏപ്രിൽ, മേയ് മാസങ്ങളിലെ തുകയാണിത്. കണ്ണൂർ ജില്ലയിലെ റോഡ് ക്യാമറകൾ നിയന്ത്രിക്കുന്നത് ഈ ഓഫീസിൽ നിന്നാണ്. ജൂലായ് ഒന്നിന് രാവിലെയാണ് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ ഫ്യൂസ് ഊരിയത്. ബിൽ അടയ്ക്കാത്ത സംഭവത്തിൽ മുൻപും ഈ ഓഫീസിലെ ഫ്യൂസ് ഊരിയിട്ടുണ്ട്.

23,000 രൂപ ബില്ലടയ്‌ക്കാത്തതിനാൽ കാസർകോട് കറന്തക്കാട്ടുള്ള ആർ.ടി.ഒ എൻഫോഴ്‌സ്‌മെന്റ് ഓഫീസിലെ ഫ്യൂസ് കെ.എസ്.ഇ.ബി ഊരിയിരുന്നു. തുടർന്ന് മോട്ടോർ വാഹന വകുപ്പിന്റെ എമർജെൻസി ഫണ്ടിൽ നിന്നാണ് പണമടച്ചത്. തോട്ടികെട്ടി കെ.എസ്.ഇ.ബിയുടെ ജീപ്പ് യാത്രചെയ്‌തതിനെത്തുടർന്ന് 20000 രൂപ പിഴയും സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് ഡ്രൈവർക്ക് 500 രൂപ പിഴയും എം. വി. ഡി ഈടാക്കിയതിന് പിന്നാലെയാണ് സംസ്ഥാനത്ത് എം. വി. ഡി-കെ.എസ്.ഇ.ബി പോര് തുടങ്ങിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!