കണ്ണൂർ മേയർ പദവി: ലീഗ്-കോൺഗ്രസ് തർക്കത്തിന് താത്കാലിക പരിഹാരം

Share our post

കണ്ണൂർ: മേയർ സ്ഥാനം സംബന്ധിച്ച് കണ്ണൂർ കോർപറേഷനിലെ ലീഗ്-കോൺഗ്രസ് ശീത സമരത്തിന് താത്കാലിക ശമനം. ഇന്ന് രാവിലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ലീഗ്-കോൺഗ്രസ് നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് മഞ്ഞുരുകിയത്.

പ്രശ്നത്തിന് രമ്യമായ പരിഹാരമുണ്ടാകുമെന്ന് വി.ഡി. സതീശൻ ലീഗ് നേതൃത്വത്തിന് ചർച്ചയിൽ ഉറപ്പ് നൽകി. തിരുവനന്തപുരത്തെത്തിയാൽ ഉടൻ ഇതു സംബന്ധിച്ച ഫോർമുല കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ, മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി എന്നിവരുമായി ചർച്ച ചെയ്യുമെന്ന വി.ഡി. സതീശന്‍റെ ഉറപ്പിലാണ് ലീഗ് കടുത്ത നിലപാടുകളിൽ നിന്നും അയഞ്ഞത്.

ഇതോടെ കോർപറേഷനുമായി ബന്ധപ്പെട്ട പൊതുപരിപാടികൾ ബഹിഷ്കരണം, കോർപറേഷനിൽ സ്വതന്ത്ര നിലപാട് എന്നീ കാര്യങ്ങൾ ലീഗ് ഉപേക്ഷിച്ചു. ഇതിനു പിന്നാലെ സതീശൻ പങ്കെടുത്ത കോർപറേഷന്‍റെ തിളക്കം പരിപാടിയിലും ലീഗ് പങ്കെടുത്തു.

കോർപറേഷനിൽ ഭൂരിപക്ഷം അംഗങ്ങൾ കോൺഗ്രസിനായതിനാൽ മൂന്നു വർഷമെങ്കിലും തങ്ങൾക്കു വേണമെന്ന നിലപാടായിരുന്നു കോൺഗ്രസ് മുന്നോട്ടു വച്ചത്. എന്നാൽ രണ്ടര വർഷം എന്ന മുൻ ധാരണയിൽ നിന്ന് പിന്നോട്ട് പോകാനാവില്ലെന്ന ലീഗ് അറിയിച്ചു.

ഇതോടെ ജില്ലയിൽ നിലവിൽ ലീഗ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലും ഇത്തരം വീതം വെക്കൽ വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടതായാണ് വിവരം. തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന സാഹചര്യത്തിലും ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിലും പരസ്പരം പോരടിക്കുന്നത് എതിരാളികൾക്ക് ആയുധമാകുമെന്നും ചേർന്നു നിൽക്കണമെന്നും വി.ഡി.സതീശൻ ഇരുവിഭാഗം നേതാക്കളോടും ആവശ്യപ്പെട്ടു. 

രണ്ടര വർഷം വീതം മേയർ സ്ഥാനം പങ്കുവയ്ക്കാമെന്ന ധാരണയിൽനിന്നും കോൺഗ്രസ് പിന്നോട്ടു പോയ സാഹചര്യത്തിലായിരുന്നു ഇന്നലെ ചേർന്ന ലീഗ് നേതൃയോഗം കോർപറേഷൻ പരിപാടികൾ ബഹിഷ്കരിക്കാനും ആവശ്യമെങ്കിൽ മേയർക്കെതിരേ അവിശ്വാസം അവതരിപ്പിക്കാനുള്ള കടുത്ത നീക്കങ്ങളിലേക്ക് പോകാനും ആലോചിച്ചത്.

കോർപറേഷനിൽ ലീഗിനെക്കാൾ അംഗസംഖ്യകൂടുതലുള്ളതിനാൽ മൂന്നു വർഷം മേയർ സ്ഥാനം തങ്ങൾക്ക് വേണമെന്ന നിലപാടിലായിരുന്നു കോൺഗ്രസ്. കണ്ണൂർ നഗരസഭയായിരുന്നപ്പോഴും അധ്യക്ഷസ്ഥാനം രണ്ടര വർഷം വീതം പങ്കിടുന്ന രീതിയായിരുന്നു യു.ഡി.എഫിലുണ്ടായിരുന്നത്.

കോർപറേഷനിൽ കോൺഗ്രസിന് ഒരു സ്വതന്ത്രൻ ഉൾപ്പെടെ 19 സീറ്റുകളും ലീഗിന് 14 സീറ്റുകളുമാണുള്ളത്. മേയർ തെരഞ്ഞെടുപ്പ് വേളയിൽ സ്വതന്ത്രൻ ഉൾപ്പെടെ 21 സീറ്റുകളായിരുന്നു ഉണ്ടായിരുന്നത്.

ഇതിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായ പി.കെ. രാഗേഷിനെ പിന്നീട് കോൺഗ്രസിൽ നിന്നും പാർട്ടി അച്ചടക്കം ലംഘിച്ചതിന് പുറത്താക്കിയിരുന്നു. പാർട്ടിക്കു പുറത്താണെങ്കിലും രാഗേഷ് നിലവിൽ കോൺഗ്രസിനൊപ്പംനിന്ന് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായി തുടരുന്നുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!