കണ്ണൂർ ജില്ലയിലെ ഐ.ആർ.പി.സി ആശ്രയ ഹെൽപ് ഡെസ്‌ക് സജ്ജം

കണ്ണൂർ : കണ്ണൂർ നഗരത്തിൽ ആരോഗ്യ സന്നദ്ധസേവന പ്രവർത്തനങ്ങൾക്ക് സജ്ജമായി ഐ.ആർ.പി.സി ആശ്രയ ഹെൽപ് ഡെസ്‌ക്. ദുരന്തനിവാരണ അതോറിറ്റിയുമായി സഹകരിച്ച് പരിശീലനം നേടിയ വളന്റിയർമാരുടെ സേവനം കൂടുതൽ പേരിലെത്തിക്കുകയാണ് ലക്ഷ്യം. 24 മണിക്കൂറും പ്രവർത്തിക്കുന്ന സേവനകേന്ദ്രത്തിന്റെ ഹെൽപ് ലൈൻ നമ്പറിലേക്ക് വിളിച്ചാൽ നഴ്‌സിങ്, വളന്റിയർ സേവനങ്ങൾ നൽകുമെന്ന് രക്ഷാധികാരി കെ.പി. സുധാകരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മഴക്കാലത്ത് വീടുകളിലും ഫ്‌ളാറ്റുകളിലും ഒറ്റപ്പെട്ട് കഴിയുന്നവർക്ക് സഹായത്തിനായി 24 മണിക്കൂറും വിളിക്കാം. നഴ്‌സിങ് കെയർ ഉൾപ്പെടെ വാഹന –ആംബുലൻസ് സൗകര്യവും നൽകും. ഹെൽപ് ലൈൻ നമ്പർ 97445 45556.
2018ലാണ് ആശ്രയ ഹെൽപ് ഡെസ്‌ക് താളിക്കാവിൽ പ്രവർത്തനം തുടങ്ങിയത്. കോവിഡ്‌കാല പ്രതിരോധത്തിൽ ജില്ലാഭരണകേന്ദ്രവുമായി ചേർന്ന് സമാനതകളില്ലാത്ത പ്രവർത്തനങ്ങളാണ് ഐആർപിസി നടത്തിയത്. പരിശോധനാ കേന്ദ്രങ്ങളിൽ വളന്റിയർ സേവനം നൽകിയും ലോക്‌ഡൗണിൽ തൊഴിലാളികൾക്ക് ഭക്ഷ്യക്കിറ്റുകൾ നൽകിയും നാടിനൊപ്പംനിന്നു. കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ സംസ്‌കരിക്കാനും മുന്നിട്ടിറങ്ങി. വീടുകളിൽ കഴിയുന്ന രോഗികൾക്ക് മരുന്നും പരിചരണവും നൽകി.
വാർത്താസമ്മേളനത്തിൽ ഐ.ആർ.പി.സി വൈസ് ചെയർമാൻ പി.എം. സാജിദ്, രക്ഷാധികാരി കെ. ഷഹറാസ്, കൺവീനർ എം. സാജിദ്, ആശ്രയ ഹെൽപ് ഡെസ്‌ക് ചെയർമാൻ എം.ടി. സതീശൻ എന്നിവർ പങ്കെടുത്തു.