എം.ഡി.എം.എ-യുമായി പിടിയിലായത് ഇന്‍സ്റ്റഗ്രാം താരമായ യുവതിയും സുഹൃത്തും; ഹണിട്രാപ്പ് കേസിലും പ്രതി

Share our post

പാലക്കാട്: എം.ഡി.എം.എ.യുമായി പിടിയിലായ യുവാവും യുവതിയും ലഹരിമരുന്ന് കടത്തിയത് കൊച്ചിയിലേക്കെന്ന് പോലീസ്. കൊച്ചിയില്‍ വില്‍പ്പന നടത്താനായാണ് ഇരുവരും ബെംഗളൂരുവില്‍ നിന്ന് എം.ഡി.എം.എ. കൊണ്ടുവന്നത്. 62 ഗ്രാം എം.ഡി.എം.എ. ബാഗിലൊളിപ്പിച്ചാണ് കടത്തിയതെന്നും ഇതിന്റെ ഉറവിടം അടക്കമുള്ള കാര്യങ്ങള്‍ അന്വേഷിച്ചുവരികയാണെന്നും പാലക്കാട് കസബ പോലീസ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

തൃശ്ശൂര്‍ സ്വദേശികളായ ഷമീന, മുഹമ്മദ് റഹീസ് എന്നിവരെയാണ് കഴിഞ്ഞദിവസം 62 ഗ്രാം എം.ഡി.എം.എ.യുമായി പാലക്കാട് കസബ പോലീസും ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും അറസ്റ്റ് ചെയ്തത്. ബെംഗളൂരുവില്‍നിന്ന് ആഡംബരവാഹനത്തില്‍ വരുന്നതിനിടെ പോലീസ് വാഹനം തടഞ്ഞുനിര്‍ത്തി പരിശോധിക്കുകയും ലഹരിമരുന്ന് കണ്ടെടുക്കുകയുമായിരുന്നു.
പിടിയിലായ ഷമീന ഇന്‍സ്റ്റഗ്രാം താരവും മോഡലുമാണ്. ഇന്‍സ്റ്റഗ്രാമില്‍ മുപ്പതിനായിരത്തിനടുത്ത് ഫോളോവേഴ്‌സുണ്ട്. മോഡലിങ് രംഗത്ത് സജീവമായ ഷമീന, മിസിസ് സൗത്ത് ഇന്ത്യ മത്സരത്തില്‍ റണ്ണറപ്പാണെന്നും ഇന്‍സ്റ്റഗ്രാം പോസ്റ്റുകളില്‍ അവകാശപ്പെട്ടിരുന്നു.
പിടിയിലായ ഷമീന നേരത്തെ കൊടുങ്ങല്ലൂര്‍, തിരുവമ്പാടി സ്റ്റേഷനുകളില്‍ ഹണിട്രാപ്പ് കേസില്‍ പ്രതിയാണെന്നാണ് പോലീസ് നല്‍കുന്നവിവരം. ഷമീനയും റഹീസും സുഹൃത്തുക്കളാണ്. ഇരുവരും ഒരുമിച്ചാണ് ബെംഗളൂരുവില്‍പോയത്. അവിടെനിന്ന് ലഹരിമരുന്നുമായി തിരികെ വരുന്നതിനിടെയാണ് രണ്ടുപേരെയും പിടികൂടിയതെന്നും ബാഗിലാണ് ഇവര്‍ എം.ഡി.എം.എ. ഒളിപ്പിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു.

നേരത്തെ വിദേശത്തായിരുന്ന റഹീസ് കഴിഞ്ഞ മാര്‍ച്ചിലാണ് നാട്ടിലെത്തിയത്. ബെംഗളൂരുവില്‍നിന്ന് കൊച്ചി ലക്ഷ്യമാക്കിയാണ് ഇവര്‍ ലഹരിമരുന്ന് എത്തിച്ചത്. ഇരുവരും ബെംഗളൂരുവിലടക്കം നിശാപാര്‍ട്ടികളില്‍ സജീവമായി പങ്കെടുക്കുന്നവരാണെന്നും എന്നാല്‍ കൊച്ചിയില്‍ ഏതെങ്കിലും പാര്‍ട്ടിക്ക് വേണ്ടിയാണോ ലഹരിമരുന്ന് എത്തിച്ചതെന്നകാര്യം ഇതുവരെ വ്യക്തമല്ലെന്നും പോലീസ് പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!