പത്തായക്കുന്നിൽ അനുജനെയും കുടുംബത്തെയും തീകൊളുത്തിയശേഷം ജ്യേഷ്ഠൻ തൂങ്ങിമരിച്ച നിലയിൽ 

Share our post

കണ്ണൂർ: അനുജനെയും അനുജന്റെ ഭാര്യയെയും മകനെയും തീകൊളുത്തിയശേഷം ജ്യേഷ്ഠൻ തൂങ്ങിമരിച്ചനിലയിൽ. പത്തായക്കുന്ന് നൊച്ചോളി മടപ്പുരയ്ക്ക് സമീപം ‘ശ്രീനാരായണ’യിൽ രഞ്ജിത്തിനെ (42) ആണ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടത്. രഞ്ജിത്തിന്റെ അനുജൻ രജീഷ് (40), രജീഷിന്റെ ഭാര്യ സുബിന, മകൻ ദക്ഷൻ തേജ് (ആറ്) എന്നിവർക്കാണ് അക്രമത്തിൽ പൊള്ളലേറ്റത്. ഞായറാഴ്ച വൈകിട്ട് ഏഴിനാണ് സംഭവം.

കുടുംബപ്രശ്‌നമാണ് രഞ്ജിത്തിനെ ഇത്തരമൊരു അക്രമത്തിലേക്ക് നയിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്. രജീഷും ഭാര്യയും മകനും വീട്ടിലെ ഡൈനിങ് ഹാളിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ രഞ്ജിത്ത് വഴക്കുകൂടുകയും തുടർന്ന് തറയിൽ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയുമായിരുന്നു. തീ പടർന്നതോടെ രജീഷിനും ഭാര്യയ്ക്കും മകനും ഗുരുതരമായി പൊള്ളലേറ്റു. സാരമായി പൊള്ളലേറ്റ സുബിനയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് വിദ​ഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ഇതിനിടയിൽ രഞ്ജിത്ത് കിടപ്പുമുറിയിൽ കയറി വാതിലടച്ചു. നിലവിളികേട്ട് ഓടിയെത്തിയ പരിസരവാസികൾ വാതിൽ തള്ളിത്തുറന്ന്‌ നോക്കുമ്പോൾ രഞ്ജിത്ത് കെട്ടിത്തൂങ്ങിയനിലയിലായിരുന്നു. ഉടൻ കൂത്തുപറമ്പ് താലൂക്ക് ആസ്പത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

മൃതദേഹം തലശ്ശേരി ജനറൽ ആസ്പത്രിയിലേക്ക് മാറ്റി. തീ പടർന്ന് ഡൈനിങ് ഹാളിലെ കട്ടിലും കിടക്കയും ഉപകരണങ്ങളുമൊക്കെ കത്തിക്കരിഞ്ഞു. പരേതനായ തയ്യിൽ നാരായണന്റെയും നളിനിയുടെയും മക്കളാണ് രഞ്ജിത്തും രജീഷും. ഇരുവരും ആശാരിപ്പണിക്കാരാണ്. കതിരൂർ പോലീസ് സ്ഥലത്തെത്തി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!