ഡെങ്കിപ്പനി: ജില്ലയിൽ എട്ട് ഹോട്ട്സ്പോട്ടുകൾ

Share our post

കണ്ണൂർ : ജില്ലയിലെ എട്ട് പ്രദേശങ്ങൾ ഡെങ്കിപ്പനി ഹോട്ട്‌ സ്പോട്ടുകളായി പ്രഖ്യാപിച്ചു. മുഴക്കുന്ന്, കുന്നോത്ത് പറമ്പ്, പാനൂർ, പരിയാരം, പുളിങ്ങോം, നടുവിൽ, വേങ്ങാട്, തലശ്ശേരി എന്നിവയാണ് ഹോട്ട്‌ സ്പോട്ടുകളായി ആരോഗ്യ വകുപ്പ് പ്രഖ്യാപിച്ചത്.

കൂടുതൽ ഡെങ്കി കേസുകൾ വരുന്ന പ്രദേശങ്ങളാണ് ഹോട്ട്‌ സ്പോട്ടുകളായി കണക്കാക്കുന്നത്. ഈ പ്രദേശങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കും. ഹോട്ട്‌ സ്പോട്ട് സംബന്ധിച്ചുള്ള വിവരങ്ങൾ ആരോഗ്യ വകുപ്പ് തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകുന്നുണ്ട്.

ഡെങ്കി കേസുകൾ കൃത്യമായി മാപ്പ് ചെയ്ത് ഫീൽഡ് തല പ്രവർത്തനങ്ങൾ ഊർജിതമാക്കാനാണ് ആരോഗ്യ മന്ത്രി വീണാ ജോർജ് നൽകിയ നിർദേശം. നിലവിൽ നിയന്ത്രണത്തിൽ ആണങ്കിലും ഡെങ്കിപ്പനി ഭീഷണി ജില്ലയിൽ പലയിടത്തും ഉണ്ട്. രോഗം പരത്തുന്ന ഈഡിസ് ആൽബോപിക്റ്റസ്, ഈഡിസ് ഈജിപ്റ്റി കൊതുകകളുടെ സാന്ദ്രത വളരെ അധികമാണ് പലയിടത്തും.

വെയിലും ചെറിയ മഴയുമുള്ള കാലാവസ്ഥയും കൊതുകിന്‌ മുട്ടയിട്ട് പെരുകാൻ വഴിയൊരുക്കുന്നു. വെക്ടർ കൺട്രോൾ വിഭാഗം ഉറവിട നശീകരണം, ഫോഗിങ് എന്നിവയിലൂടെ കൊതുക് നിയന്ത്രണ പ്രവർത്തനങ്ങൾ നടത്തുകയാണ്. എങ്കിലും പൊതു ജനങ്ങളുടെ കൂടി സഹകരണം ഉണ്ടെങ്കിൽ മാത്രമേ കൊതുക് സാന്ദ്രത കുറയ്ക്കാനാവൂ.

കൊതുകിന്റെ ഉറവിട നശീകരണത്തിന് പ്രാധാന്യം നൽകണം. വീടിന്റെ അകത്തോ പുറത്തോ വെള്ളം കെട്ടി നിൽക്കാതിരിക്കാൻ ശ്രദ്ധിക്കം. വീട്ടിനകത്തെ ചെടി ചട്ടികളുടെയും ഫ്രിഡ്ജിലേയും ട്രേയിലെ വെള്ളം ആഴ്ച തോറും മാറ്റണം. ചിരട്ടകൾ, തൊണ്ടുകൾ, കപ്പുകൾ തുടങ്ങിയവ വലിച്ചെറിയരുത്. വെള്ളം സംഭരിക്കുന്ന ടാങ്കുകളും പാത്രങ്ങളും ആഴ്ചയിൽ ഒരു ദിവസം കഴുകി വൃത്തിയാക്കുക.

ഉപയോഗശൂന്യമായ ടയറുകൾ, വെള്ളത്തിന്റെ ടാങ്കുകൾ, അടഞ്ഞ് കിടക്കുന്ന വീടുകളിലേയും ക്ലോസറ്റുകൾ, പഴയ വാഹനങ്ങൾ എന്നിവയും ശ്രദ്ധിക്കണം. നിർമാണം നടക്കുന്ന സ്ഥലങ്ങളിൽ കൂത്താടി പ്രജനനം നടക്കുന്നുണ്ടോ എന്ന് പ്രത്യേകം നോക്കണം. കൊതുക് കടി ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുക.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!