കാഞ്ഞിലേരി – അലക്സ് നഗർ പാലം നിർമാണം അന്തിമഘട്ടത്തിൽ

ശ്രീകണ്ഠപുരം: കരാറുകാരന്റെ അനാസ്ഥകാരണം പാതിവഴിയില്‍ ഉപേക്ഷിച്ച കാഞ്ഞിലേരി-അലക്സ് നഗര്‍ പാലം നിർമാണം അന്തിമ ഘട്ടത്തിൽ. പാലത്തിന്റെ കാഞ്ഞിലേരി ഭാഗത്തെ സ്പാനുകളുടെ നിർമാണമാണ് നിലവിൽ നടക്കുന്നത്.
മൂന്ന് മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. നിരവധി പരാതികൾക്കും നിവേദനങ്ങൾക്കും ശേഷമാണ് കുടിയേറ്റ പ്രദേശമായ അലക്സ് നഗറിനേയും കാഞ്ഞിലേരിയേയും ബന്ധിപ്പിക്കുന്ന കോൺക്രീറ്റ് പാലം നിർമാണം തുടങ്ങിയത്.
2017ല്‍ പ്രവൃത്തി ആരംഭിച്ചെങ്കിലും അഞ്ചു വർഷം കഴിഞ്ഞിട്ടും 50 ശതമാനം പോലും പ്രവൃത്തി പൂർത്തീകരിക്കാൻ കരാറുകാരന് സാധിച്ചില്ല. തുടർന്ന് സജീവ് ജോസഫ് എം.എൽ.എ. മുൻകൈയെടുത്ത് കരാറുകാരനെ നീക്കി പാലം നിർമാണം റി ടെൻഡർ ചെയ്യുകയായിരുന്നു.
10.10 കോടിയാണ് നേരത്തെ പാലത്തിന്റെ നിര്‍മാണത്തിന് വകയിരുത്തിയത്. ഇതില്‍ ഐച്ചേരി-അലക്സ് നഗര്‍ റോഡ് നിര്‍മാണവും ഉള്‍പ്പെടും. പുതിയ ടെൻഡറിൽ റോഡ് നിര്‍മാണം ഒഴിവാക്കി 5.84 കോടി രൂപയാണ് വകയിരുത്തിയത്.
റീ ടെൻഡറിൽ കെ.കെ. ബില്‍ഡേഴ്സാണ് അലക്സ് നഗർ പാലത്തിന്റെ നിർമാണച്ചുമതല നിലവിൽ ഏറ്റെടുത്തിരിക്കുന്നത്. 113.75 മീറ്റർ നീളവും 11.05 മീറ്റർ വീതിയുമുള്ള പാലമാണ് നിർമിക്കുന്നത്. ഇതിൽ 1.5 മീറ്റർ വീതിയിൽ ഇരുവശത്തുമായി നടപ്പാതയും ഒരുക്കും.