അനധികൃതമായി ഹജ്ജിനെത്തി; 17,000ത്തിലധികം പേരെ അറസ്റ്റ് ചെയ്തു

റിയാദ്: അനധികൃതമായി ഹജ്ജിനെത്തിയ 17000ത്തിലധികം പേരെ സൗദി പൊലീസ് അറസ്റ്റ് ചെയ്തതായി സൗദി പ്രസ് ഏജന്‍സിയുടെ റിപ്പോര്‍ട്ട്.
നിയമം ലംഘിച്ച് ഹജ്ജിനായി എത്തിയ 17,615 പേരെ പൊലീസ് പിടികൂടിയതായി ഹജ്ജ് കമ്മിറ്റി ചെയര്‍മാനും പബ്ലിക് സെക്യൂരിറ്റി ഡയറക്ടറുമായ ലെഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് ബിന്‍ അബ്ദുള്ള അല്‍ ബസ്സാമി അറിയിച്ചു.
ഇവരില്‍ 9,509 പേര്‍ താമസം, ജോലി, അതിര്‍ത്തി സുരക്ഷ നിയമങ്ങള്‍ എന്നിവ ലംഘിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
സൗദിയിലെ വിവിധ പ്രദേശങ്ങളിലായി വ്യാജ പ്രചരണങ്ങള്‍ നടത്തിയ 105 പേരേയും പിടികൂടി. അനധികൃതമായി എത്തിയ 2,00,000 ആളുകൾക്കാണ് കഴിഞ്ഞ വെള്ളിയാഴ്ച മക്കയില്‍ പ്രവേശനം നിഷേധിച്ചത്. പെര്‍മിറ്റില്ലാതെ ആളുകളെ രാജ്യത്തേക്ക് കടത്തിയതിന് 33 പേരേയും അധികൃതര്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇത്തവണ 18,45045 തീര്‍ത്ഥാടകരാണ് ഹജ്ജ് കർമ്മം നിർവ്വഹിക്കുന്നതിനായി എത്തിയത്. ഇതില്‍ 16,60915 പേര്‍ വിദേശികളാണെന്നും ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.