സ്‌കൂളിന് സമീപത്തെ മരം കടപുഴകി വീണ് ആറാം ക്ലാസ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം

കാസർഗോഡ് : സ്‌കൂളിന് സമീപത്തെ മരം കടപുഴകി വീണ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. കാസർഗോഡ് പുത്തിഗെ അഗഡിമൊഗർ ജി.എച്ച്.എസ്.എസ്സിലെ ആറാം ക്ലാസ് വിദ്യാർഥിനി ആയിഷത് മിൻഹ (11)യാണ് മരിച്ചത്. അംഗഡിമൊഗറിലെ ബി.എം. യൂസഫ് – ഫാത്തിമത്ത് സൈനബ ദമ്പതികളുടെ മകളാണ്. മറ്റൊരു വിദ്യാർഥിനിക്ക് പരിക്കേറ്റിട്ടുണ്ട്.
തിങ്കളാഴ്ച വൈകീട്ട് നാല് മണിയോടെ സ്‌കൂൾ വിട്ട സമയത്തായിരുന്നു സംഭവം. ആയിഷത് മിൻഹയുടെ തലയിലേക്ക് മരത്തിന്റെ ഭാഗങ്ങൾ വന്ന് പതിക്കുകയായിരുന്നുവെന്നാണ് വിവരം. മരം മുറിച്ചുനീക്കി വിദ്യാർഥിനിയെ ഉടൻ തന്നെ പുറത്തെടുത്ത് കുമ്പള സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
അപകടം നടക്കുമ്പോൾ ഏതാനും വിദ്യാർഥികൾ സമീപത്തുണ്ടായിരുന്നു. ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സ്‌കൂളിന് അടുത്തുള്ള അപകടാവസ്ഥയിലായ മരം മുറിച്ചുനീക്കുന്നതിൽ അധികൃതരുടെ ഭാഗത്ത് നിന്ന് അനാസ്ഥ ഉണ്ടായോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. വിവരം അറിഞ്ഞ് പൊലീസും സ്ഥലത്ത് എത്തിയിരുന്നു.