യൂണിഫോമിന് മുകളില്‍ ചുരിദാര്‍ ധരിച്ച്‌ ആണ്‍കുട്ടികള്‍ക്കൊപ്പം മുങ്ങും, കണ്ണൂരില്‍ 40 വിദ്യാര്‍ഥികളെ പിടികൂടി

Share our post

കണ്ണൂർ : സംസ്ഥാനത്ത് സ്‌കൂള്‍ തുറന്ന് ഒരു മാസമേ ആയിട്ടുള്ളൂ. അപ്പോഴേക്കും വിദ്യാര്‍ഥികള്‍ ക്ലാസില്‍ കയറാതെ ചുറ്റിയടി ആരംഭിച്ചു.ലഹരി മാഫികളും ലൈംഗിക ചൂഷണത്തിനെത്തുന്നവരും സ്‌കൂള്‍ പരിസരങ്ങളില്‍ ചുറ്റിയടിക്കവെ കണ്ണൂരിലെ പോലീസിന് പിടിപ്പത് പണിയാണ്.

വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ബീച്ചുകളിലും സിനിമാ തീയേറ്ററുകളിലും മാളുകളിലുമെല്ലാം ചുറ്റിയടിച്ച 40 വിദ്യാര്‍ഥികളാണ് ഒരു മാസത്തിനിടെ പോലീസിന്റെ പിടിയിലായത്.വിദ്യാലയപരിസരങ്ങളിലെ കുറ്റകൃത്യങ്ങള്‍ തടയാന്‍ നടപ്പാക്കിയ ‘വാച്ച്‌ ദി ചില്‍ഡ്രണ്‍’ പരിപാടിയുടെ ഭാഗമായാണ് പോലീസ് നടപടി.

കണ്ണൂര്‍ എ.സി.പി. ടി.കെ.രത്‌നകുമാറിന്റെ നേതൃത്വത്തിലാണ് ‘വാച്ച്‌ ദി ചില്‍ഡ്രണ്‍’ പരിപാടി നടപ്പാക്കുന്നത്. പിങ്ക്‌പോലീസിന്റെയും ജനമൈത്രി പോലീസിന്റെയും നേതൃത്വത്തില്‍ വ്യാപക പരിശോധന നടത്തി.ക്ലാസില്‍ കയറാത്ത വിദ്യാര്‍ഥികളെ ലഹരിമാഫിയകള്‍ കൂടുതലായി ലക്ഷ്യമാക്കുന്നുണ്ടെന്നാണ് പോലീസ് പറയുന്നത്.

കുട്ടികള്‍ക്കിടയില്‍ ലഹരി ഉപയോഗം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ കടുത്ത ജാഗ്രത പുലര്‍ത്താനാണ് പോലീസിന് കിട്ടിയ നിര്‍ദ്ദേശം. ഇതിന്റെ ഭാഗമായി നടത്തുന്ന പരിശോധനയിലാണ് പെണ്‍കുട്ടികളും ആണ്‍കുട്ടികളും ക്ലാസ് ഒഴിവാക്കി ചുറ്റിയടിക്കുന്നത് കണ്ടെത്തിയത്.

സ്‌കൂള്‍ യൂണിഫോമിന് മുകളില്‍ ചുരിദാര്‍ ധരിച്ച കണ്ണാടിപ്പറമ്ബ് സ്വദേശിയായ 15-കാരിയെയും 20-കാരനായ യുവാവിനെയും പയ്യാമ്ബലത്തുനിന്നും പിങ്ക് പോലീസ് പിടിച്ചു. തളിപ്പറമ്ബിലെ പത്താംക്ലാസുകാരിയെയും ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട എറണാകുളം സ്വദേശിയെയും കണ്ണൂര്‍ കോട്ടയില്‍ നിന്നാണ് പിടിച്ചത്.

തളിപ്പറമ്ബ് സ്വദേശിയെയും കൊളച്ചേരിയിലെ രണ്ട് പെണ്‍കുട്ടികളെയും വനിതാ പോലീസ് കസ്റ്റഡിലെടുത്തു. ട്യൂഷന് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍നിന്നിറങ്ങിയ 15-കാരിയേയും ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട 22-കാരനെയും കസ്റ്റഡിയിലെടുത്ത് രക്ഷിതാക്കളെ വിളിച്ചുവരുത്തി വിട്ടയച്ചു.

കല്യാശ്ശേരിയിലെ പ്ലസ്ടു വിദ്യാര്‍ഥിയെയും നീര്‍ക്കടവിലെ പെണ്‍കുട്ടിയെയും പഴയ ബസ് സ്റ്റാന്‍ഡില്‍ വെച്ച്‌ വനിതാ പോലീസ് പിടിച്ചിരുന്നു. മറ്റൊരു സംഭവത്തില്‍ നഗരത്തിലെ ആസ്പത്രിയിലെ ജീവനക്കാരിയെയും ആണ്‍കുട്ടിയെയും കസ്റ്റഡിലെടുത്തു.

പുഴാതിയിലെ പത്താംക്ലാസ് വിദ്യാര്‍ഥികളായ മൂന്ന് ആണ്‍കുട്ടികള്‍ സ്‌കൂള്‍ യൂണിഫോം മാറ്റി ജീന്‍സും ടീഷര്‍ട്ടും ധരിച്ച്‌ പയ്യാമ്ബലത്ത് കറങ്ങിനടക്കുന്നതിനിടയില്‍ വനിതാ പോലീസ് പിടിച്ചു. സ്‌കൂള്‍ ബാഗില്‍നിന്നാണ് യൂണിഫോം കണ്ടെടുത്തത്. സ്‌കൂളും പരിസരവും നിരീക്ഷിക്കുന്നതിനിടെ ദുരൂഹ സാഹചര്യത്തില്‍ കണ്ട 31 വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. വരും ദിവസങ്ങളിലും നിരീക്ഷണം കര്‍ശനമാക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!