പ്രിയ വര്‍ഗീസിന്റെ നിയമനം ശരിവെച്ച ഹൈക്കോടതി വിധിക്കെതിരേ യു.ജി.സി സുപ്രീംകോടതിയിലേക്ക്

Share our post

കണ്ണൂര്‍ : കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ പ്രിയ വര്‍ഗീസിന്റെ നിയമനം ശരിവെച്ച ഹൈക്കോടതി വിധിക്കെതിരേ യു.ജി.സി. സുപ്രീംകോടതിയെ സമീപിച്ചേക്കും. ഹൈക്കോടതി വിധിക്കെതിരേ അപ്പീല്‍ നല്‍കാന്‍ യു.ജി.സി.ക്ക് നിയമോപദേശം ലഭിച്ചു. ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും യു.ജി.സി. സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടേക്കും.

അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് യു.ജി.സി.യുടെ 2018-ലെ റഗുലേഷന്‍ നിഷ്‌കര്‍ഷിക്കുന്ന അധ്യാപന പരിചയം പ്രിയ വര്‍ഗീസിന് ഇല്ലെന്ന് യു.ജി.സി. നേരത്തേ കേരള ഹൈക്കോടതിയെ അറിയിച്ചിരുന്നു.
എന്നാല്‍ ഈ വാദം തള്ളിക്കൊണ്ടാണ് പ്രിയ വര്‍ഗീസിന്റെ നിയമനം കേരള ഹൈക്കോടതി ശരിവെച്ചത്. ഇതോടെ 2018-ലെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനവുമായി ബന്ധപ്പെട്ട യു.ജി.സി. ചട്ടത്തിലെ വകുപ്പ് തന്നെ അപ്രസക്തമാകുമെന്ന നിയമോപദേശമാണ് യു.ജി.സി.ക്ക് ലഭിച്ചിരിക്കുന്നത്.
2018-ലെ റെഗുലേഷനില്‍ നിഷ്‌കര്‍ഷിക്കുന്ന അധ്യാപന പരിചയമില്ലാത്ത ചില ഉദ്യോഗാര്‍ഥികളും കേരള ഹൈക്കോടതി പ്രിയ വര്‍ഗീസിന് അനുകൂലമായി വിധിച്ച ഉത്തരവ് ചൂണ്ടിക്കാട്ടി അസോസിയേറ്റ് പ്രൊഫസറാകാന്‍ നിയമ പോരാട്ടം നടത്തിയേക്കും എന്ന ആശങ്ക യു.ജി.സി.ക്കുണ്ട്.
ഈ സാഹചര്യത്തത്തിലാണ് കേരള ഹൈക്കോടതി ഉത്തരവിനെതിരേ സുപ്രീംകോടതിയെ സമീപിക്കാന്‍ യു.ജി.സി. ഒരുങ്ങുന്നത്. ഹൈക്കോടതി വിധിക്കെതിരേ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുന്‍പ് തന്റെ വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ട് പ്രിയ വര്‍ഗീസ് സുപ്രീംകോടതിയില്‍ തടസ്സ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്.
അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് യു.ജി.സി.യുടെ 2018-ലെ റഗുലേഷന്‍ നിഷ്‌കര്‍ഷിക്കുന്ന അധ്യാപന പരിചയം എട്ടുവര്‍ഷമാണ്.
എയ്ഡഡ് കോളേജില്‍ ജോലിയില്‍ പ്രവേശിച്ചശേഷം പ്രിയ വര്‍ഗീസ് എഫ്.ഡി.പി (ഫാക്കല്‍റ്റി ഡവലപ്മെന്റ് പ്രോഗ്രാം) പ്രകാരം ഡെപ്യൂട്ടേഷനില്‍ മൂന്നു വര്‍ഷത്തെ പി.എച്ച്.ഡി. ഗവേഷണം നടത്തിയ കാലയളവും കണ്ണൂര്‍ സര്‍വകലാശാലയില്‍ സ്റ്റുഡന്റ്‌സ് ഡീന്‍ (ഡയറക്ടര്‍ ഓഫ് സ്റ്റുഡന്റ് സര്‍വീസസ്) ആയി രണ്ടുവര്‍ഷം ഡെപ്യൂട്ടേഷനില്‍ ജോലിചെയ്ത കാലയളവും ചേര്‍ത്താണ് അധ്യാപനപരിചയം കാണിച്ചിരിക്കുന്നത്.
ഗവേഷണ കാലവും സ്റ്റുഡന്റ്‌സ് ഡീന്‍ ആയി പ്രവര്‍ത്തിച്ച കാലവും അടക്കം അഞ്ചുവര്‍ഷത്തോളമുള്ള കാലം അധ്യാപന കാലമായി പരിഗണിക്കുന്നത് ചട്ടവിരുദ്ധമാണെന്നാണ് യു.ജി.സി.യുടെ നിലപാട്.

Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!