തെരുവുനായ കേസ്: മൃഗസ്‌നേഹികളുടെ സംഘടനക്കെതിരെ കേസെടുക്കണം- കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് കോടതിയില്‍

Share our post

ന്യൂഡല്‍ഹി: തെരുവുനായ കേസില്‍ കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ബോധപൂര്‍വമായ ശ്രമം ‘ഓള്‍ ക്രീച്ചേഴ്‌സ് ഗ്രേറ്റ് ആന്‍ഡ് സ്മാള്‍’ (All Creatures Great and Small) എന്ന മൃഗ സംരക്ഷണ സംഘടന നടത്തുന്നുവെന്ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്. ഈ സംഘടനയുടെ മാനേജിങ് ട്രസ്റ്റി അഞ്ജലി ഗോപാലനെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, സുപ്രീം കോടതിയെ സമീപിച്ചു. ഡല്‍ഹി കേന്ദ്രീകരിച്ചാണ് ഓള്‍ ക്രീച്ചേഴ്‌സ് ഗ്രേറ്റ് ആന്‍ഡ് സ്മാള്‍ സംഘടന പ്രവര്‍ത്തിക്കുന്നത്.

കേരളത്തില്‍, വിവേകമില്ലാതെ തെരുവുനായ്ക്കളെ കൊല്ലുന്നത് തടയാന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഓള്‍ ക്രീച്ചേഴ്‌സ് ഗ്രേറ്റ് ആന്‍ഡ് സ്മാള്‍

സംഘടനയ്ക്ക് വേണ്ടി സുപ്രീം കോടതിയെ സമീപിച്ചത് അഞ്ജലി ഗോപാലന്‍ ആയിരുന്നു. എന്നാല്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത അപേക്ഷയില്‍ സംഘടന ചൂണ്ടിക്കാട്ടിയ പല വസ്തുതകളും അസത്യമാണെന്ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ആരോപിക്കുന്നു.

കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ബോധപൂര്‍വമായ ശ്രമം ആണ് സംഘടന നടത്തിയതെന്ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന് വേണ്ടി അഭിഭാഷകന്‍ കെ.ആര്‍. സുഭാഷ് ചന്ദ്രന്‍ ഫയല്‍ ചെയ്ത അപേക്ഷയില്‍ ആരോപിച്ചിട്ടുണ്ട്. പാകിസ്താന്‍ ഉള്‍പ്പടെയുള്ള വിദേശ രാജ്യങ്ങളിലെ ദൃശ്യങ്ങള്‍ കേരളത്തിലെതെന്ന വ്യാജേന സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തെന്നാണ് പ്രധാന ആരോപണം. കേരളത്തിനെതിരെ വിദ്വേഷ പ്രചരണം നടത്തുന്നവര്‍ പങ്കുവെച്ച വ്യാജദൃശ്യങ്ങളാണ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. Worldwide Boycott Kerala എന്ന ഹാഷ്ടാഗിലാണ് കേരളത്തിനെതിരായ വിദ്വേഷ പ്രചരണം എന്നും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ആരോപിക്കുന്നു.

വ്യാജ സത്യവാങ്മൂലം സമര്‍പ്പിച്ചതിന് ക്രിമിനല്‍ നടപടി ചട്ടത്തിലെ 340 വകുപ്പ് പ്രകാരമാണ് നടപടി ആവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. ഇന്ത്യന്‍ പീനല്‍ കോഡിലെ 193, 195, ക്രിമിനല്‍ നടപടി ചട്ടത്തിലെ 195 വകുപ്പുകള്‍ പ്രകാരം അഞ്ജലി ഗോപാലനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും ആവശ്യപ്പെടുന്നുണ്ട്. കേരളത്തില്‍ ഇനി ഉള്ളത് 6,000 നായ്ക്കള്‍ മാത്രമാണെന്നും ബാക്കിയെല്ലാത്തിനേയും കൊന്നെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത അപേക്ഷയില്‍ സംഘടന ചൂണ്ടിക്കാട്ടിയിരുന്നു. ഇതും പച്ചക്കള്ളമാണെന്ന് സുപ്രീം കോടതിയെ ബോധ്യപ്പെടുത്താന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!