‘തന്റേത് നടത്താതെ അനുജന്റെ വിവാഹം നടത്തിക്കൊടുത്തു’; അമ്മയെ ആക്രമിച്ച യുവാവ് പിടിയില്‍

ജ്യേഷ്ഠനായ തന്റെ വിവാഹം നടത്താതെ അനുജന്റെ വിവാഹം നടത്തിക്കൊടുത്തതിന് അമ്മയെയും അമ്മൂമ്മയെയും ആക്രമിച്ച യുവാവ് പിടിയിൽ. മണമ്പൂർ വളവൂർക്കോണം കാട്ടിൽ വീട്ടിൽ ഗോമതിയും മകൾ ബേബിയുമാണ് അക്രമത്തിന് ഇരയായത്. ബേബിയുടെ മൂത്തമകനായ വളവൂർക്കോണം കാട്ടിൽ വീട്ടിൽ വിഷ്ണുവിനെ കടയ്ക്കാവൂർ പോലീസ് അറസ്റ്റുചെയ്തു. അമ്മയായ ബേബിയെ വീട്ടിൽക്കയറി വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കുകയും അക്രമം തടയാൻ ചെന്ന അമ്മൂമ്മയെ ക്രൂരമായി ഉപദ്രവിക്കുകയുമായിരുന്നു.
അക്രമത്തിനുശേഷം പ്രതി വീട്ടിലെ ഉപകരണങ്ങൾ നശിപ്പിക്കുകയും വസ്ത്രങ്ങൾ കത്തിക്കുകയും ചെയ്തു.
ഗുരുതരമായി പരിക്കേറ്റ ബേബിയും ഗോമതിയും ചികിത്സയിലാണ്. സംഭവശേഷം ഒളിവിൽപ്പോയ പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.