കണ്ണൂരിൽ മുന്നണിപ്പോര്: മേയർ വിഷയത്തിൽ വിട്ടുവീഴ്ചയ്ക്കില്ല, മുസ്ലിംലീഗ് കടുത്ത നിലപാടിലേക്ക്

കണ്ണൂർ : കണ്ണൂർ കോർപ്പറേഷൻ വിഷയത്തിൽ മുന്നണിക്കുള്ളിൽ പോര് മുറുകുന്നതിനിടെ കോൺഗ്രസിനെ വിമർശിച്ച് മുസ്ലിം ലീഗ്. കണ്ണൂർ കോർപ്പറേഷനിൽ കോൺഗ്രസ് കാണിക്കുന്നത് ആശാസ്യമല്ലാത്ത രീതിയെന്ന് ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൾ കരീം ചേലേരി പറഞ്ഞു.
മേയർ സ്ഥാനം സംബന്ധിച്ച് ഇതുവരെ ഉന്നയിക്കാത്ത നിലപാടാണ് കോൺഗ്രസ് ഉന്നയിച്ചത്. മേയർ വിഷയത്തിൽ ലീഗ് ഇനി വിട്ടുവീഴ്ചയ്ക്കില്ല. അനുകൂല നിലപാട് ഉണ്ടാകുന്നില്ലെങ്കിൽ നാളെ ലീഗ് കടുത്ത നിലപാട് എടുക്കും.
രണ്ടര വർഷം വീതം മേയർ പദവിയെന്ന കരാർ കോൺഗ്രസ് പാലിക്കാത്തതിനെ തുടർന്നാണ് കണ്ണൂരിലെ യുഡിഎഫ് മുന്നണിയിൽ പ്രതിസന്ധി ആരംഭിക്കുന്നത്. കരാർ നടപ്പാക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് കോൺഗ്രസ്. രണ്ടര വർഷത്തിൽ കുറഞ്ഞ ഒരു നീക്കുപോക്കുമില്ലെന്നാണ് മുസ്ലിം ലീഗിന്റെ നിലപാട്.
കോൺഗ്രസുമായി ഇനി ചർച്ചയ്ക്കില്ലെന്നും മുസ്ലിം ലീഗ് പരസ്യമായി വ്യക്തമാക്കിയിരുന്നു. ഞായറാഴ്ചയ്ക്കുള്ളിൽ തീരുമാനമായില്ലെങ്കിൽ നിലപാട് വ്യക്തമാക്കുമെന്നാണ് ലീഗ് നേതൃത്വം അറിയിക്കുന്നത്. കെ. സുധാകരന്റെ സാന്നിദ്ധ്യത്തിൽ നടത്തിയ ചർച്ചയിലും കോൺഗ്രസ് കടുംപിടുത്തം തുടർന്നു. കോൺഗ്രസ് നിലവിലെ തീരുമാനം തുടർന്നാൽ ജൂലൈ പകുതിയോടെ അവിശ്വാസ പ്രമേയം കൊണ്ടുവരാനാണ് ലീഗിന്റെ ശ്രമമെന്നാണ് സൂചന.
ഇതിനിടെ മോൻസൻ മാവുങ്കൽ കേസിൽ അറസ്റ്റിലായതിന് പിന്നാലെ കണ്ണൂരിൽ നടന്ന കെ സുധാകരന്റെ വിശദീകരണ യോഗത്തിൽ ഷാജിയെ ക്ഷണിച്ചത് സംബന്ധിച്ചും ലീഗിൽ അതൃപ്തി നിലനിൽക്കുന്നുണ്ട്. ഷാജിയെ ക്ഷണിച്ച രീതിയിൽ നീരസമുണ്ടെന്നും ക്ഷണിച്ചത് സാമാന്യ മര്യാദ പാലിക്കാതെയാണെന്നും അബ്ദുൾ കരീം ചേലേരി പറഞ്ഞു.
പരിപാടിയിൽ പങ്കെടുക്കാതിരുന്നത് എന്തു കൊണ്ടെന്ന് ഷാജിയാണ് വ്യക്തമാക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാ ഘടകകക്ഷികളും പങ്കെടുത്തിരുന്നെങ്കിലും കെ. എം. ഷാജി മാത്രം യോഗത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. സുധാകരന് പുറമെ കെ. എം. ഷാജിയെയായിരുന്നു മുഖ്യ പ്രാസംഗികനായി യോഗം കണക്കാക്കിയിരുന്നത്. എന്നാൽ ജില്ലയിൽ മുന്നണിയിലെ അഭിപ്രായഭിന്നത നിലനിൽക്കുന്നതിന്റെ വ്യക്തമായ സൂചനയായിരുന്നു മുസ്ലിം ലീഗ് പ്രതിനിധികളുടെ അസാന്നിദ്ധ്യം.