തിരുവല്ല: സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലായി മുപ്പതോളം മോഷണക്കേസുകളിൽ പിടികിട്ടാപ്പുള്ളികളായ മൂന്ന് സ്ത്രീകൾ തിരുവല്ല പോലീസിന്റെ പിടിയിലായി. തമിഴ്നാട് സ്വദേശികളായ ദുർഗാ ലക്ഷ്മി, വാസന്തി, പൊന്നാത്ത എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ പിതാവിന്റെ ചികിത്സയ്ക്കെത്തിയ തിരുവൻവണ്ടൂർ സ്വദേശിനിയുടെ 30,0000 രൂപയും എ.ടി.എം കാർഡുകളും അടങ്ങുന്ന പേഴ്സ് മോഷ്ടിച്ച സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് ഇവർ വലയിലായത് . ഇവരിൽനിന്നു വിലകൂടിയ അഞ്ച് മൊബൈൽ ഫോണുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് 12 ഓടെ ആസ്പത്രിയുടെ ബില്ലിംഗ് സെക്ഷനിൽ നിൽക്കുമ്പോഴാണ് ബാഗിൽനിന്നു മൂവരും ചേർന്ന് പേഴ്സ് മോഷ്ടിച്ചത്. ബില്ല് അടയ്ക്കാനായി ബാഗ് തുറന്നപ്പോഴാണ് പേഴ്സ് മോഷണം പോയ വിവരം ഉടമ അറിഞ്ഞത്.
ഉടൻതന്നെ തിരുവല്ല പോലീസിൽ വിവരം അറിയിച്ചു. ആസ്പത്രിയിലെ ബിൽ കൗണ്ടറിന് സമീപത്തെ സി.സി.ടി.വിയിൽനിന്നു ലഭിച്ച ദൃശ്യങ്ങൾ അടിസ്ഥാനമാക്കി അന്വേഷണം ആരംഭിച്ച പോലീസ് തിരുവല്ല വൈ.എം.സി.എ ജംഗ്ഷനിലെ ആളൊഴിഞ്ഞ കെട്ടിടത്തിനു സമീപത്തുനിന്നുമാണ് പ്രതികളെ പിടികൂടിയത്.
മോഷണ ശേഷം ഓട്ടോറിക്ഷയിൽ രക്ഷപെട്ട സ്ത്രീകൾ തിരുവല്ല ബി.എസ്എൻ.എൽ ജംഗ്ഷനിൽ ഇറങ്ങുന്നതിന്റെയും തുടർന്ന് ബസിൽ പൊടിയാടിയിൽ എത്തുന്നതിന്റെയും സിസി ടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു.
സമീപ ജില്ലകളിലെ പോലീസ് സ്റ്റേഷനുകളിലേക്ക് ചിത്രം കൈമാറിയതോടെ പ്രതികൾ ആലപ്പുഴ നഗരത്തിൽ എത്തിയതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ഇവർ തിരുവല്ലയിൽനിന്നു പിടിയിലായത് മാന്യമായ വസ്ത്രം ധരിച്ചെത്തുന്ന സംഘം ബസുകളിലും ആശുപത്രികളിലെ കാഷ് കൗണ്ടറുകൾക്ക് സമീപവും തിരക്ക് സൃഷ്ടിച്ച് മോഷണം നടത്തുകയാണ് പതിവെന്ന് പോലീസ് പറഞ്ഞു.
മോഷണക്കേസുകളിൽ പിടിക്കപ്പെടുമ്പോൾ ഇവർ വിവിധ പേരുകളാണ് പോലീസിൽ പറഞ്ഞതെന്ന് സി.ഐ പറഞ്ഞു. വിരലടയാളം പരിശോധിച്ചതിലൂടെയാണ് പിടിയിലായസംഘം സംസ്ഥാനത്തിന്റെ വിവിധ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത 30ഓളം കേസുകളിൽ പിടികിട്ടാപ്പുള്ളികളാണെന്ന് പോലീസിന് വ്യക്തമായത്.
ഡി.വൈ.എസ്.പി എസ് അഷാദിന്റെ നിർദേശാനുസരണം സി.ഐ സുനിൽ കൃഷ്ണൻ, എസ്ഐമാരായ പി.കെ. കവിരാജ്, നിത്യ സത്യൻ, സി.പിഓമരായ അവിനാശ്, മനോജ്, അഖിലേഷ്, ഉദയശങ്കർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.