സംസ്ഥാനത്തെ പുതിയ പോലീസ് മേധാവി ഇന്ന് ചുമതലയേല്‍ക്കും

Share our post

തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിയായി നിയമിതനായ ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഇന്ന് വൈകിട്ട് ചുമതലയേല്‍ക്കും. നിലവിലെ സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് വൈകിട്ട് അഞ്ചുമണിയോടെ പൊലീസ് ആസ്ഥാനത്തെ ധീരസ്മൃതിഭൂമിയിൽ പുഷ്പചക്രം അർപ്പിച്ച് സല്യൂട്ട് ചെയ്യും.

തുടർന്ന് പോലീസ് ആസ്ഥാനത്ത് എത്തുന്ന നിയുക്ത സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് ധീരസ്മൃതിഭൂമിയില്‍ ആദരം അര്‍പ്പിച്ചശേഷം പൊലീസ് സേനയുടെ സല്യൂട്ട് സ്വീകരിക്കും. പിന്നീട് ഡി.ജി.പിയുടെ ചേംബറിലെത്തി നിലവിലെ സംസ്ഥാന പൊലീസ് മേധാവിയില്‍ നിന്ന് അധികാരദണ്ഡ് ഏറ്റുവാങ്ങി ചുമതലയേല്‍ക്കും.

അതിനുശേഷം നിലവിലെ സംസ്ഥാന പൊലീസ് മേധാവിയെ പുതിയ മേധാവിയും മുതിര്‍ന്ന പോലീസ് ഓഫീസര്‍മാരും ചേര്‍ന്ന് യാത്രയാക്കും. സ്ഥാനമൊഴിയുന്ന നിലവിലെ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്തിന് പൊലീസ് സേന നല്‍കുന്ന വിടവാങ്ങല്‍ പരേഡ് വെള്ളിയാഴ്ച രാവിലെ 7.40 ന് തിരുവനന്തപുരം പേരൂര്‍ക്കട എസ്.എ.പി ഗ്രൗണ്ടില്‍ നടക്കും.

ചീഫ് സെക്രട്ടറിയുടെയും സംസ്ഥാന പോലീസ് മേധാവിയുടെയും യാത്രയയപ്പ് ചടങ്ങും മാതൃഭാഷാ പ്രതിജ്ഞ ശിലാഫലകം അനാച്ഛാദനവും ഓൺലൈൻ നിഘണ്ടു പ്രകാശനവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

ഇന്ന് വൈകുന്നേരം 4 മണിക്ക് ദർബാർ ഹാളിൽ നടക്കുന്ന ചടങ്ങിൽ ആഭ്യന്തര വിജിലൻസ് വകുപ്പ് സെക്രട്ടറി ഡോ.വേണു. വി സ്വാഗതമാശംസിക്കും. ചീഫ് സെക്രട്ടറി ഡോ. വി. പി ജോയിയും, സംസ്ഥാന പോലീസ് മേധാവി അനിൽകാന്തും മറുപടി പ്രസംഗം നടത്തും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!