വാടക വേണ്ട; കളമശ്ശേരിയില്‍ അര്‍ബുദ രോഗികള്‍ക്ക് സൗജന്യ താമസവുമായി ‘അപ്‌നാഘര്‍’

കൊച്ചി: കീമോതെറാപ്പിക്കും റേഡിയേഷനും ശേഷം ഛര്‍ദിയും അമിത ക്ഷീണവും മൂലം തലചായ്ക്കാന്‍ ഒരിടം കൊതിക്കുന്നവരാണ് അര്‍ബുദ രോഗികള്‍. ആഴ്ചകള്‍ നീളുന്ന ചികിത്സയ്ക്ക് വലിയ വാടക നല്‍കി മുറിയെടുക്കാന്‍ ഏറെപ്പേര്‍ക്കും സാമ്പത്തികം തടസ്സമാകും. അവര്‍ക്കായി കാരുണ്യത്തിന്റെ കവാടം തുറന്നിട്ടിരിക്കുകയാണ് അപ്നാ ഘര്‍.
എറണാകുളം ജില്ലയിലെ ഏത് ആസ്പത്രിയിലും ചികിത്സയ്‌ക്കെത്തുന്ന ആര്‍ക്കും അപ്നാ ഘറില്‍ താമസിക്കാം. സ്ഥാപനത്തിന്റെ മൂന്നുനില കെട്ടിടത്തില്‍ ചികിത്സയ്‌ക്കെത്തുന്നവര്‍ക്കും ഒരു കൂട്ടിരിപ്പുകാരനുമാണ് താമസ സൗകര്യം നല്‍കുക.
ഒരു വീടിന്റെ എല്ലാ സൗകര്യങ്ങളുമുണ്ട്. ആവശ്യമുള്ള പലവ്യഞ്ജനങ്ങളും പലചരക്കുമെല്ലാം എത്തിച്ചുകൊടുക്കും. കൂട്ടിരിപ്പുകാര്‍ ചേര്‍ന്ന് ഭക്ഷണം തയ്യാറാക്കും. ശുചീകരണത്തിനും സുരക്ഷയ്ക്കും ജീവനക്കാരും തുണികള്‍ കഴുകാന്‍ വാഷിങ് മെഷീനുമുണ്ട്.
കൂടാതെ, കീമോയ്ക്കും റേഡിയേഷനുമായി ആസ്പത്രിയിലേക്ക് കൊണ്ടുപോവുകയും ചികിത്സയ്ക്കുശേഷം തിരിച്ച് താമസ സ്ഥലത്തെത്തിക്കുകയും ചെയ്യും.ഡയറ്റീഷ്യന്റെയും ഫിസിയോ തെറാപ്പിസ്റ്റിന്റെയും സേവനവും ഇവിടെയുണ്ട്. ഒന്‍പത് മുറികളാണുള്ളത്. ശസ്ത്രക്രിയ കഴിഞ്ഞവര്‍ക്ക് അണുബാധയേല്‍ക്കാതിരിക്കാന്‍ പ്രത്യേകം മുറി നല്‍കും. രണ്ടോ മൂന്നോ പേര്‍ക്ക് ഒരുമിച്ച് കഴിയാന്‍ സൗകര്യങ്ങളുള്ള മുറികളുമുണ്ട്.
സര്‍ക്കാര്‍ ആസ്പത്രികളില്‍ നിന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെത്തുന്ന, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന നിരവധിപ്പേര്‍ അപ്നാ ഘറിലെത്താറുണ്ടെന്ന് പ്രോജക്ട് അസോസിയേറ്റ് തൃപ്തി ജോസ് പറഞ്ഞു. രോഗത്തിന്റെ അവസാന ഘട്ടത്തിലൂടെ കടന്നുപോവുന്നവരെ ഇവിടെ പാര്‍പ്പിക്കാറില്ല. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് ജില്ലയില്‍ അപ്നാ ഘര്‍ തുടങ്ങിയത്. ഫോണ്‍: 63510 55257, 79840 83652.