ഗൂഗിളിന്റെ സുരക്ഷാ വീഴ്ച കണ്ടെത്തി; തിരുവനന്തപുരം സ്വദേശിക്ക് സമ്മാനമായി ലഭിച്ചത് ഒരു കോടി രൂപ

ആലപ്പുഴ: ഗൂഗിളിന്റെ സുരക്ഷാ വീഴ്ച കണ്ടെത്തിയ മലയാളി കെ. എൽ ശ്രീറാമിന് 1,35,979 യു.എസ് ഡോളർ (ഏകദേശം 1.11 കോടി രൂപ) സമ്മാനം ലഭിച്ചു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ ശ്രീറാം സ്‌ക്വാഡ്രൻ ലാബ്‌സ് എന്ന സ്റ്റാർട്ടപ്പ് നടത്തുകയാണ്. മനോരമ ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഗൂഗിൾ സേവനങ്ങളിലെ പിഴവുകൾ കണ്ടെത്തി പ്രസിദ്ധീകരിക്കുന്ന വൾനറബിലിറ്റി റിവാർഡ് പ്രോഗ്രാം -2022ൽ 2,3,4 സ്ഥാനങ്ങളാണ് ശ്രീറാം നേടിയത്. മുമ്പും ഗൂഗിളിന്റെയും മറ്റും സുരക്ഷാ വീഴ്ച കണ്ടെത്തിയ ശ്രീറാം ശ്രദ്ധ നേടിയിരുന്നു. ഇത്തരത്തിൽ കണ്ടെത്തുന്ന സുരക്ഷാ വീഴ്‌ചകൾ കമ്പനിയെ അറിയിക്കുകയും അവർ തിരുത്തുകയും ചെയ്യാറാണ് പതിവ്.
കണ്ടെത്തിയ വീഴ്ചകൾ റിപ്പോർട്ടാക്കി നൽകുന്നതായിരുന്നു ഗൂഗിൾ വൾനറബിലിറ്റി റിവാർഡ് പ്രോഗ്രാം. ശ്രീറാമും ചെന്നൈ സ്വദേശിയായ സുഹൃത്ത് ശിവനേഷ് അശോകും ചേർന്ന് നാല് റിപ്പോർട്ടുകളാണ് മത്സരത്തിന് അയച്ചത്. അതിൽ മൂന്നെണ്ണത്തിനും സമ്മാനം ലഭിച്ചു.
സൈബർ കടന്നുകയറ്റങ്ങളിൽ നിന്നും സ്ഥാപനങ്ങളെ സംരക്ഷിക്കുകയാണ് കാനഡയിൽ രജിസ്റ്റർ ചെയ്ത സ്ക്വാഡ്രൻ ലാബ്സ് ചെയ്യുന്നത്. കെ കൃഷ്ണമൂർത്തിയുടെയും കെ ലിജിയുടെയും മകനാണു ശ്രീറാം.