എം.വി.ഡിക്ക്, കെ.എസ്.ഇ.ബി വക ഷോക്ക് തുടരുന്നു; ആര്.ടി.ഒ ഓഫീസിന്റെ ഫ്യൂസ് ഊരി

തിരുവനന്തപുരം: കെ.എസ്.ഇ.ബി, എം.വി.ഡി പോര് തുടരുന്നു. ബില്‍ അടക്കാത്തതിനാല്‍ കാസര്‍കോഡ് കറന്തക്കാടുള്ള ആര്.ടി.ഒ എന്‍ഫോഴ്സ്മെന്റ് ഓഫീസിലെ ഫീസ് കെ. എസ്. ഇ. ബിക്കാര് ഊരി. ഇതോടെ ആര്.ടി.ഒ ഓഫീസ് പ്രവര്‍ത്തനം തടസപ്പെട്ടു.
23,000 രൂപ വൈദ്യുത ബില്‍ അടക്കാനുള്ള അവസാന ദിവസം ഈ മാസം 26 ആയിരുന്നു. സമയം കഴിഞ്ഞിട്ടും ബില്‍ അടക്കാത്തതിനാൽ കടുത്തനടപടിയിലേക്ക് കെ.എസ്.ഇ.ബി കടക്കുകയായിരുന്നു.
കഴിഞ്ഞദിവസം വയനാട് കല്‍പ്പറ്റയില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ എന്‍ഫോഴ്സ്മെന്റ് വിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ വൈദ്യുതി കെ.എസ്.ഇ.ബി വിച്ഛേദിച്ചിരുന്നു. പിന്നാലെ അടിയന്തര ഫണ്ടില്‍ നിന്ന് പണമെടുത്ത് എം.വി.ഡി ബില്ലടച്ചു. ഇതോടെ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുകയും ചെയ്തു.
അടുത്തിടെ, വയനാട്ടില്‍ വാഹനത്തില്‍ തോട്ടി കെട്ടിവെച്ച് പോയതിന് കെ.എസ്.ഇ.ബി എ.ഐ കാമറയുടെ പിഴ നോട്ടീസ് ലഭിച്ചത് വാര്‍ത്തയായിരുന്നു. 20,500 രൂപ പിഴയൊടുക്കണമെന്നാണ് മോട്ടോര്‍വാഹന വകുപ്പ് കെ.എസ്.ഇ.ബിക്ക് നോട്ടീസ് അയച്ചത്.
അമ്പലവയല്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിലെ ജീവനക്കാര്‍ക്കായി വാടകയ്ക്കെടുത്ത ജീപ്പിനായിരുന്നു ഫൈന്‍ കിട്ടിയത്.
ഇതിന് പിന്നാലെയാണ് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ഫ്യൂസ് കെ.എസ്.ഇ.ബി ഊരിയത്. ജില്ലയിലെ എ.ഐ കാമറകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്ന കെട്ടിടത്തിന്റെ വൈദ്യുതി ബന്ധമാണ് വിച്ഛേദിച്ചത്.