രാത്രിസമയത്തെ വൈദ്യുതി ഉപഭോഗത്തിന് ഇരട്ടിതുക ഏർപ്പെടുത്തണം
കണ്ണൂർ: പുതിയ വൈദ്യുതി തീരുവ നിയമം നടപ്പാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. രാത്രിസമയത്തെ വൈദ്യുതി ഉപഭോഗത്തിന് ഇരട്ടിതുക ഏര്‍പ്പെടുത്തിക്കൊണ്ടാണ് പുതിയ നിയമം വരുന്നത്.
ഒരേ ദിവസം തന്നെ പല സമയങ്ങള്‍ക്ക് വ്യത്യസ്ത വൈദ്യുതിനിരക്കാണ് ഏര്‍പ്പെടുത്താനിരിക്കുന്നത്.
2020 ലെ വൈദ്യുതി ഉപഭോക്തൃ അവകാശ നിയമത്തിലാണ് ഭേദഗതിക്കൊരുങ്ങുന്നത്. പുതിയ നിയമം അടുത്ത വര്‍ഷം പ്രാബല്യത്തില്‍ വരും. ടൈം ഓഫ് ഡേ (ടി.ഒ.ഡി) അവതരണം, സ്മാര്‍ട്ട് മീറ്റര്‍ സംവിധാനം എന്നിങ്ങനെ രണ്ട് പ്രധാന പരിഷ്‌ക്കാരങ്ങളാണ് കേന്ദ്രം നടപ്പാക്കാനിരിക്കുന്നത്.
രാത്രിയും പകലും വ്യത്യസ്തനിരക്ക് ഏര്‍പ്പെടുത്തുന്നതാണ് ടി.ഒ.ഡി സംവിധാനം. ദിവസം മുഴുവൻ ഒരേ നിരക്ക് ചുമത്തുന്നതിന് പകരം സോളാര്‍ അവേഴ്‌സ്, പീക്ക് ഹവേഴ്‌സ് എന്നിങ്ങനെ രണ്ട് ഭാഗങ്ങളാക്കിയായിരിക്കും പുതിയ നിരക്ക്. സൂര്യപ്രകാശമുള്ള പകല്‍സമയത്തെ എട്ട് മണിക്കൂറാണ് സോളാര്‍ അവേഴ്‌സിന് നിശ്ചയിച്ചിരിക്കുന്നത്. രാത്രിയാണ് പീക്ക് ഹവറായി കണക്കാക്കുന്നത്.
പകല്‍സമയത്തെ വൈദ്യുതി ഉപഭോഗത്തിന് സാധാരണ വൈദ്യുതിനിരക്കിലും 10 മുതല്‍ 20 ശതമാനം വരെ കുറവുണ്ടാകും. ഉയര്‍ന്ന തോതിലുള്ള വൈദ്യുതി ഉപഭോഗമുള്ള രാത്രിസമയത്ത് (പീക്ക് അവര്‍) പക്ഷെ ഇത് നിശ്ചിത നിരക്കിലും 20 ശതമാനം വരെ വര്‍ധനയുണ്ടാകും. ഓരോ സംസ്ഥാനത്തെയും വൈദ്യുതി ബോര്‍ഡാണ് ടി.ഒ.ഡി സമയക്രമം നിശ്ചയിക്കുക.