കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ 263 തസ്തികയ്ക്കുകൂടി അംഗീകാരം; 210 നോണ്‍ ടീച്ചിങ് തസ്തികയ്ക്ക് അംഗീകാരം

കണ്ണൂര്‍ : പരിയാരത്തെ കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ 263 തസ്തികയ്ക്കുകൂടി അംഗീകാരം നല്‍കാൻ ധന വകുപ്പില്‍ ധാരണയായി.
മെഡിക്കല്‍ കോളേജിലെ 210 നോണ്‍ ടീച്ചിങ് തസ്തിക്കാണ് അംഗീകാരം ലഭിക്കുക. ഇതില്‍ നഴ്സിങ് അസിസ്റ്റന്റ് ഗ്രേഡ് ഒന്ന്, രണ്ട്, ഹോസ്പിറ്റല്‍ അറ്റൻഡന്റ് ഗ്രേഡ് ഒന്ന്, രണ്ട് തസ്തികകള്‍ ഉള്‍പ്പെടും. കോളേജ് ഓഫ് ഫാര്‍മസ്യുട്ടിക്കല്‍സിലെ പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, ട്യൂട്ടര്‍ തുടങ്ങീ 26 അദ്ധ്യാപക തസ്തിക അംഗീകരിക്കും.
സ്‌കൂള്‍ ഓഫ് നഴ്സിങ്ങിനെ ലയിപ്പിച്ച കോളേജ് ഓഫ് നഴ്സിങ്ങിലെ 27 തസ്തികയ്ക്ക് അംഗീകാരം നല്‍കാനും ധനമന്ത്രി കെ എൻ ബാലഗോപാല്‍ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തില്‍ ധാരണയായി. പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, ട്യുട്ടര്‍ തസ്തികകളിലായിരിക്കും അനുമതി.
മെഡിക്കല്‍ കോളേജിലെ 147 ഡോക്ടര്‍മാരെയും 521 നഴ്സുമാരെയും നേരത്തെ സര്‍ക്കാര്‍ സര്‍വീസില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇതര ജീവനക്കാരെ സര്‍ക്കാര്‍ സര്‍വീസിന്റെ ഭാഗമാക്കുന്നത്.
സഹകരണ മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിന്റെ ഭാഗമായി ഇവിടെ ആരോഗ്യ വിദ്യാഭ്യാസവകുപ്പിന്റെകീഴില്‍ 247 അദ്ധ്യാപക തസ്തിക സൃഷ്ടിച്ചിരുന്നു.
ഇതില്‍ 100 പേരെ ആരോഗ്യ വിദ്യാഭ്യാസവകുപ്പില്‍ നിയമിച്ചു. പുറമെ നിലവില്‍ ജോലിചെയ്തുവരുന്ന 147 പേരെക്കൂടി സര്‍ക്കാര്‍ സര്‍വീസിലേക്ക് മാറ്റി.
പ്രിൻസിപ്പല്‍ ഉള്‍പ്പെടെ 11 ഭരണനിര്‍വഹണ തസ്തിക നേരത്തെ സൃഷ്ടിച്ചു. ഇപ്പോള്‍ മെഡിക്കല്‍ കോളേജിലെ മുഴുവൻ ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും പുറമെ ഇതര ജീവനക്കാരും സര്‍ക്കാര്‍ ജീവനക്കാരാകും.
2019ല്‍ കേരള കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ ആൻഡ് സെന്റര്‍ ഓഫ് അഡ്വാൻസ്ഡ് മെഡിക്കല്‍ സര്‍വീസില്‍നിന്ന് (കെസിഎച്ച്‌സി)മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കുമ്ബോള്‍ ആവശ്യമായ തസ്തികള്‍ സൃഷ്ടിക്കുമെന്ന് ഉറപ്പുനല്‍കിയിരുന്നു. യു.ഡി.എഫ് ഭരണത്തില്‍ പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആവശ്യം അംഗീകരിച്ചിരുന്നില്ല. കഴിഞ്ഞ പിണറായി സര്‍ക്കാരാണ് ഇത് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജാക്കിയത്.`