മാലിന്യം വലിച്ചെറിഞ്ഞാൽ അരലക്ഷം പിഴ അല്ലെങ്കില്‍ തടവ്; കരട് നിയമഭേദഗതിയായി

തിരുവനന്തപുരം: മാലിന്യം വലിച്ചെറിഞ്ഞാൽ ഇനി അരലക്ഷം രൂപവരെ പിഴ. ഇല്ലെങ്കിൽ കോടതിവിചാരണയ്ക്കു വിധേയമായി ജയിൽശിക്ഷ വരും. വീടുകളിലെത്തി മാലിന്യം ശേഖരിക്കുന്ന ഹരിത കർമസേനയ്ക്ക് യൂസർ ഫീ നൽകിയില്ലെങ്കിൽ നഗരസഭാ സേവനങ്ങളും നിഷേധിക്കപ്പെടും. ഇത്തരം വ്യവസ്ഥകളുമായി ‘കേരള മുനിസിപ്പാലിറ്റി നിയമഭേദഗതി’യുടെ കരട് തയ്യാറായി. അടുത്ത നിയമസഭാ സമ്മേളനത്തിൽ ഭേദഗതി വരും.
കുറ്റം നിഷേധിക്കുന്നവർ കോടതിയിൽ ഹാജരായി ജാമ്യമെടുക്കണം. കുറ്റം തെളിഞ്ഞാൽ തടവുശിക്ഷ.
നിലവിൽ സർക്കാർ ഉത്തരവുകളിലേ യൂസർ ഫീ വ്യവസ്ഥയുള്ളൂ. ഇത് പുതിയ നിയമത്തിൽ ഉൾക്കൊള്ളിച്ചു. യൂസർ ഫീ കുടിശ്ശിക കെട്ടിടനികുതിക്കൊപ്പം ഈടാക്കാം.
ജനപ്രതിനിധികൾ എതിർക്കാൻ പാടില്ല
തദ്ദേശസ്ഥാപനങ്ങളിൽ തുടങ്ങാനിരിക്കുന്ന മാലിന്യ സംസ്‌കരണ പദ്ധതികളെ അതതിടത്തെ ജനപ്രതിനിധികൾ എതിർക്കാൻ പാടില്ലെന്ന വ്യവസ്ഥ നിയമപരമാക്കും. ജനപ്രതിനിധികളുടെ എതിർപ്പും പ്രതിഷേധങ്ങളുമൊക്കെ നിയമഭേദഗതിയിലൂടെ നിയന്ത്രിക്കും.
ഇത്തരം പ്രശ്നങ്ങളുണ്ടാക്കുന്ന ജനപ്രതിനിധികളെ അയോഗ്യരാക്കാൻ വ്യവസ്ഥവേണമെന്ന ചർച്ച വന്നെങ്കിലും പിന്നീടതു വേണ്ടെന്നുവെച്ചു. എന്നാൽ, മാലിന്യനിർമാർജന പരിപാടികളിലും പദ്ധതികളിലും പുതിയ നിയമത്തിൽ ജനപ്രതിനിധികൾക്ക് ഉത്തരവാദിത്വം നിശ്ചയിക്കും.