സാന്ത്വന വഴിയിൽ സൈറൺ മുഴങ്ങും: ജനങ്ങളുടെ കരുതലിൽ പായത്ത് ആംബുലൻസ്

ഇരിട്ടി : പായത്തെ 900 വീടുകളിൽ ഐ.ആർ.പി.സി പ്രവർത്തകർ സ്ഥാപിച്ച ഹുണ്ടിക പെട്ടികളിൽ നാല് മാസംകൊണ്ട് സ്വരൂപിച്ച തുക ഉപയോഗിച്ച് ഐ.ആർ.പി.സി ലോക്കൽ ഗ്രൂപ്പ് വാങ്ങിയ ആംബുലൻസ് ഇനി സാന്ത്വന വഴിയിൽ സൈറൺ മുഴക്കി കുതിക്കും.
പത്ത് ലക്ഷത്തോളും രൂപ മുടക്കിയാണ് ആംബുലൻസ് യാഥാർഥ്യമാക്കിയത്. കക്ഷിരാഷ്‌ട്രീയത്തിന് അതീതമായി എല്ലാ വീട്ടുകാരും തങ്ങളാൽ ആവുന്നത് നൽകിയതും ഐ.ആർ.പി.സി ആക്രി ചലഞ്ചിലൂടെ ശേഖരിച്ച തുകയും ചേർത്താണ് പായത്തിന് സ്വന്തം ആംബുലൻസ് എന്ന സ്വപ്‌നം യാഥാർഥ്യമാക്കിയത്. സാന്ത്വന പ്രവർത്തകരും സി.പി.എം നേതാക്കളും പ്രവർത്തകരും നാട്ടുകാരും ഒത്തുചേർന്ന ചടങ്ങിൽ ആംബുലൻസ് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പനോളി വത്സൻ ഫ്‌ളാഗ് ഓഫ് ചെയ്തു. സി.പി.എം പായം ലോക്കൽ സെക്രട്ടറി എം. സുമേഷ് അധ്യക്ഷനായി.
ഐ.ആർ.പി.സി ജില്ലാ സെക്രട്ടറി കെ.വി. മുഹമ്മദ് അഷറഫ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, ജില്ലാ കമ്മിറ്റി അംഗം കെ. ശ്രീധരൻ, ഏരിയാ സെക്രട്ടറി കെ.വി. സക്കീർ ഹുസൈൻ, ഇരിട്ടി നഗരസഭാ ചെയർമാൻ കെ. ശ്രീലത, പായം പഞ്ചായത്ത് പ്രസിഡന്റ് പി. രജനി, വൈസ് പ്രസിഡന്റ് എം. വിനോദ് കുമാർ, ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ്, ഐ.ആർ.പി.സി സോണൽ കൺവീനർ എം. പവിത്രൻ, ചെയർമാൻ ടി.എ. ജോസഫ്, ലോക്കൽ കൺവീനർ ഷിതു കരിയാൽ, എം. സഹദേവൻ, വി.കെ. പുരുഷോത്തമൻ, എൻ. അശോകൻ, കെ.എൻ. പത്മാവതി, ഇ.പി. രമേശൻ, പി. പ്രകാശൻ എന്നിവർ സംസാരിച്ചു.