ശബരിമല വിമാനത്താവളം: സാമൂഹികാഘാത പഠനം; അന്തിമ റിപ്പോർട്ട് നാളെ

റിപ്പോർട്ട് പ്രസിദ്ധീകരിച്ചാലുടൻ വിദഗ്‌ധ സമിതി ഇതേക്കുറിച്ച് പഠനം നടത്തും. ഇതിനായി എംജി സർവകലാശാല സ്കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സ് വിഭാഗത്തിലെ അസി. പ്രൊഫ. ഡോ. എം.വി. ബിജുലാലിന്റെ നേതൃത്വത്തിൽ ഏഴംഗ വിദഗ്ധ സമിതിയെ സർക്കാർ നിശ്‌ചയിച്ചിരുന്നു. 20 പദ്ധതികളുടെ വിദഗ്‌ധസമിതിയിൽ അംഗമായിട്ടുള്ളയാളാണ് ഡോ. ബിജുലാൽ.
വിമാനത്താവള പദ്ധതി യാഥാർഥ്യമാകുമ്പോൾ ഈ പ്രദേശത്തെ ജനങ്ങളുടെ ജീവിതത്തെ അത് ഏതെല്ലാം തരത്തിലായിരിക്കും ബാധിക്കുക എന്നാണ് സമിതി പ്രധാനമായും പഠിക്കുന്നത്. കുടിവെള്ള ലഭ്യത, ജലസ്രോതസ്സുകൾ, ഗതാഗതം, തൊഴിൽ, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിൽ വരാവുന്ന മാറ്റങ്ങളെക്കുറിച്ചും പുനരധിവാസത്തെ സംബന്ധിച്ചും പഠിച്ച് സർക്കാരിന് ശുപാർശ നൽകും. രണ്ട് സാമൂഹ്യ ശാസ്ത്രജ്ഞരും രണ്ട് പുനരധിവാസ വിദഗ്ധരും രണ്ട് തദ്ദേശസ്ഥാപന ജനപ്രതിനിധികളും കിയാൽ എക്സിക്യൂട്ടീവ് ഡയറക്ടറും അടങ്ങുന്ന വിദഗ്ധസമിതിയോട് രണ്ട് മാസത്തിനുള്ളിൽ പഠനം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. പദ്ധതി കൺസൾട്ടന്റായ അമേരിക്കൻ കമ്പനി ലൂയിസ് ബർഗർ സർവീസസ് പദ്ധതിയുടെ സാങ്കേതിക, സാമ്പത്തിക പഠനം നടത്തിയിരുന്നു.