ചാന്ദ്രയാൻ-3 ജൂലൈ 13ന് വിക്ഷേപിച്ചേക്കും

തിരുവനന്തപുരം : ഐ.എസ്.ആർ.ഒ.യുടെ മൂന്നാം ചാന്ദ്രദൗത്യമായ ചാന്ദ്രയാൻ–3 ജൂലൈ 13ന് വിക്ഷേപിച്ചേക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പെയ്‌സ് സെന്ററിൽനിന്ന് പകൽ 2.30 നായിരിക്കും വിക്ഷേപണം. പടുകൂറ്റൻ റോക്കറ്റായ എൽ.വി.എം 3 ചാന്ദ്രയാൻ–3 പേടകവുമായി കുതിക്കും. ഭൂമിക്ക് ചുറ്റും വലംവയ്‌ക്കുന്ന പേടകത്തെ പടിപടിയായി ഭ്രമണപഥം ഉയർത്തി ചന്ദ്രനിലേക്ക് പിന്നീട് തൊടുത്തുവിടും. ആഗസ്‌ത് മധ്യത്തിനുശേഷം പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തും.
ചന്ദ്രനിൽനിന്ന് നൂറുകിലോമീറ്റർ ഉയരത്തിൽ റോവറടങ്ങുന്ന ലാൻഡർ മാതൃപേടകത്തിൽനിന്ന് വേർപെടും. പ്രൊപ്പൽഷൻ മോഡ്യൂളും ലാൻഡറും റോവറും അടങ്ങുന്നതാണ് ചാന്ദ്രയാൻ പേടകം. 3900 കിലോഗ്രാമാണ് ഭാരം. ഏറ്റവും ആധുനികമായ പരീക്ഷണ ഉപകരണങ്ങളാണ് ലാൻഡറിലും റോവറിലുമുള്ളത്.