ഒറ്റമഴയിൽ ‘തോടായി’ റെയില്‍വേ അടിപ്പാത

കണ്ണൂർ: ചൊവ്വാഴ്ചയുണ്ടായ ശക്തമായ മഴയിൽ കണ്ണൂർ പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ റെയിൽവേ അടിപ്പാതയില്‍ വെള്ളക്കെട്ട് രൂപപ്പെട്ടത് വാഹന യാത്രക്കാർക്ക് ദുരിതമായി. പകൽ മൂന്നിനു ശേഷം ശമിക്കാതെ മഴ പെയ്തപ്പോൾ അടിപ്പാതയിൽ വെള്ളം ഉയർന്നു. സമീപത്തെ ഓവുചാലിലൂടെ വെള്ളം ഒഴുകിപോകാത്തതിനാലാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്.
ഓവുചാലിൽ പലയിടത്തും മാലിന്യങ്ങൾ കുടുങ്ങികിടക്കുന്നതിനാലാണ് ഒഴുക്ക് സുഗമമാകാത്തതെന്ന് വാഹനയാത്രക്കാർ പറഞ്ഞു. മഴക്കാലത്തിന് മുമ്പ് ഓവുചാലുകളിൽ ശുചീകരണം നടത്താത്തതാണ് വെള്ളക്കെട്ടിന് കാരണമെന്നും വ്യാപക പരാതിയുണ്ട്. വൈകിട്ട് നാലോടെ വലിയ തോതിൽ അടിപ്പാതയിൽ വെള്ളം പൊങ്ങി.
ഇരുചക്രവാഹനങ്ങൾ ഓഫായിപോകുന്ന അവസ്ഥയായി. വെള്ളത്തിൽ നിന്നുപോയ വാഹനം ഏറെ ബുദ്ധിമുട്ടിയാണ് പലരും തള്ളി മാറ്റിയത്. വെള്ളക്കെട്ടിലൂടെ വേഗതയിൽ വാഹനങ്ങൾക്ക് കടന്നുപോകാൻ സാധിക്കാത്തതിനാൽ മുനീശ്വരൻ കോവിൽ മുതൽ പഴയ ബസ് സ്റ്റാൻഡുവരെ ഏറെനേരം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
വെള്ളക്കെട്ടിൽ വാഹനം ഓഫാകുമെന്ന സ്ഥിതിയായതിനാൽ കാൽടെക്സ് ഭാഗത്തേക്ക് പോകേണ്ട ഇരുചക്രവാഹന യാത്രക്കാർക്ക് താവക്കര വഴി ചുറ്റി സഞ്ചരിക്കേണ്ടിവന്നു. മഴ ശക്തിപ്രാപിച്ച സാഹചര്യത്തിൽ വരും ദിവസങ്ങളിലും ഇവിടെ വെള്ളക്കെട്ട് ഉണ്ടായാൽ നഗരത്തിൽ വലിയ ഗതാഗത കുരുക്കിന് കാരണമാവും.
റെയിൽവേ അടിപ്പാതയിൽ വെള്ളക്കെട്ട് ഉണ്ടാകുന്നത് പതിവായിട്ടും പ്രശ്ന പരിഹാരത്തിനായി കോർപ്പറേഷൻ അധികൃതർ നടപടി സ്വീകരിക്കാത്തതിൽ ജനരോഷം കനക്കുകയാണ്.